ഉത്തർപ്രദേശിലെ ഈറ്റാവ ജില്ലയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ തലയിൽ ‘തബല വായിക്കുന്നതുപോലെ’ തട്ടിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകനായ ദിനേശ് കുമാർ മാഥൂറിനെതിരെ നടപടിയെടുത്തത്.
മാഥൂർ തന്നെ ചിത്രീകരിച്ച വീഡിയോ പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെക്കുകയായിരുന്നു. ക്ലാസ് മുറിയിലെ കസേരയിലിരിക്കുന്ന അധ്യാപകൻ മുന്നിലെ നിലത്തിരിക്കുന്ന കുട്ടിയുടെ തലയിൽ തബല കൊട്ടുന്നതുപോലെ തട്ടുന്നത് വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂളിലെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബേസിക് ശിക്ഷാ അധികാരി (ബി.എസ്.എ) ഡോ. രാജേഷ് കുമാർ, അധ്യാപകന്റെ പ്രവൃത്തി അച്ചടക്കലംഘനമായി കണക്കാക്കി ഉടനടി സസ്പെൻഷൻ ഉത്തരവിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികൾ സ്വീകരിക്കുക. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കുന്നതിലും അനുയോജ്യമായ രീതിയിൽ പെരുമാറുന്നതിലും അധ്യാപകർ പുലർത്തേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.




