നല്ല ആരോഗ്യം നിലനിർത്തുന്നതിന് രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഉറങ്ങുന്ന സമയത്തിന്റെ ദൈർഘ്യം മാത്രമല്ല, നിങ്ങൾ ഉറങ്ങുന്ന മുറിയിലെ അന്തരീക്ഷവും പ്രധാനമാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. യൂറോപ്യൻ ഹാർട്ട് ജേർണലിൽ (European Heart Journal) പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, രാത്രികാലങ്ങളിൽ ലൈറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, തെരുവ് വിളക്കുകൾ എന്നിവയിൽ നിന്നുള്ള വെളിച്ചം അടിക്കുന്നത് ഹൃദയത്തിന്റെ ഘടനയിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വരുത്തിയേക്കാം. രാത്രിയിൽ ഉയർന്ന അളവിൽ വെളിച്ചമേൽക്കുന്ന ആളുകളുടെ ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യതിയാനങ്ങൾ സംഭവിക്കുന്നതായി ഈ പഠനത്തിൽ കണ്ടെത്തി.
പതിനൊന്നായിരത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് രാത്രിയിലെ വെളിച്ചം ഹൃദയപേശികളുടെ കട്ടി കൂട്ടുന്നതിനും ഹൃദയപ്രവർത്തനം കുറയ്ക്കുന്നതിനും കാരണമാകുന്നു എന്ന് കണ്ടത്തിയത്. മുൻപും ഉറങ്ങുന്ന സമയത്തെ വെളിച്ചം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു.
മനുഷ്യശരീരത്തിന് ‘സിർക്കാഡിയൻ റിഥം’ (circadian rhythm) എന്ന പേരിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ആന്തരിക ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വെളിച്ചം. അതിനാൽ രാത്രിയിലെ പ്രകാശമയം ഉറക്കത്തിന്റെ സ്വാഭാവിക ചക്രത്തെ തടസ്സപ്പെടുത്തുകയും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ഉപാപചയ പ്രവർത്തനം (metabolism), ഹോർമോൺ ഉത്പാദനം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. കൂടാതെ, രാത്രിയിലെ വെളിച്ചം ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. ഇവയെല്ലാം പരോക്ഷമായി ഹൃദ്രോഗ സാധ്യത കൂട്ടുന്നു.
യുകെ ബയോബാങ്കിലെ (UK Biobank) 11,071 വ്യക്തികളുടെ വിവരങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഏഴു ദിവസത്തോളം കൈയിൽ പ്രകാശ സംവേദകങ്ങളുള്ള (light sensors) ഉപകരണങ്ങൾ ധരിപ്പിച്ചാണ് ഇവരുടെ രാത്രികാല വെളിച്ചത്തിന്റെ അളവ് അളന്നത്. മൂന്ന് വർഷത്തിന് ശേഷം ഇവരുടെ ഹൃദയത്തിന്റെ ഘടനയും പ്രവർത്തനവും പരിശോധിക്കാൻ കാർഡിയാക് എം.ആർ.ഐ (cardiac MRI) സ്കാനിംഗിന് വിധേയമാക്കി.
രാത്രിയിൽ തീരെ വെളിച്ചമേൽക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ, കൂടുതൽ വെളിച്ചമേറ്റവരിൽ ഹൃദയത്തിന്റെ പ്രധാന രക്തപമ്പ് അറയായ ലെഫ്റ്റ് വെൻട്രിക്കിളിന്റെ ഭിത്തികൾക്ക് കട്ടി കൂടുതലാണെന്ന് കണ്ടെത്തി. ഇത് ഹൃദയം ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷിയെ ബാധിക്കുന്നുണ്ട്. ഹൃദയത്തിന്റെ പ്രവർത്തന വൈകല്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളായാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്.
തുടർന്ന് നടത്തിയ 8-10 വർഷത്തെ നിരീക്ഷണത്തിൽ, വെളിച്ചമേൽക്കാതെ ഉറങ്ങിയവരെ അപേക്ഷിച്ച് ഉയർന്ന അളവിൽ വെളിച്ചമേറ്റവരിൽ ഹൃദയസ്തംഭനത്തിന് (heart failure) 29%, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾക്ക് (atrial fibrillation) 15%, ഹൃദയാഘാതത്തിന് 24%, സ്ട്രോക്കിന് 33% എന്നിങ്ങനെ കൂടുതൽ സാധ്യതയുള്ളതായി കണ്ടെത്തി. കൂടാതെ, ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത ഇവരിൽ 26% കൂടുതലാണ്. എന്നാൽ രാത്രിയിലെ വെളിച്ചം നേരിട്ട് ഹൃദ്രോഗത്തിന് കാരണമാകുന്നു എന്ന് ഇതിലൂടെ പൂർണ്ണമായി തെളിയുന്നില്ലെങ്കിലും, അതിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമായി ഇതിനെ കാണാം.
രാത്രികാലങ്ങളിൽ ശരീരം വിശ്രമത്തിലേക്കും വീണ്ടെടുപ്പിലേക്കും കടക്കേണ്ടതാണ്. വെളിച്ചത്തിന്റെ സാന്നിധ്യം ഈ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. സിർക്കാഡിയൻ റിഥത്തിലെ തടസ്സങ്ങൾ വഴിയും ഉറക്കക്കുറവ് വഴിയും വെളിച്ചം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.
രാത്രിയിൽ ഉറങ്ങുന്ന അന്തരീക്ഷം ഇരുട്ടാക്കി മാറ്റാൻ ചില ലളിതമായ വഴികൾ ഇതാ:
- കിടപ്പുമുറിയിലെ ലൈറ്റുകൾ അണയ്ക്കുക. ഉറങ്ങുമ്പോൾ ലൈറ്റുകൾ തെളിയിച്ചു വെക്കുന്നത് ഒഴിവാക്കുക.
- ഉറങ്ങുന്നതിന് മുൻപ് സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ടെലിവിഷൻ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
- പുറത്തുനിന്നുള്ള വെളിച്ചം തടയുക: തെരുവ് വിളക്കുകളുടെയോ മറ്റോ വെളിച്ചം മുറിയിലേക്ക് വരുന്നത് തടയാൻ കട്ടിയുള്ള തിരശ്ശീലകൾ ഉപയോഗിക്കുക.
- ചെറിയ ലൈറ്റുകൾ മറയ്ക്കുക: ഇലക്ട്രോണിക് ഉപകരണങ്ങളിലെ സ്റ്റാൻഡ്ബൈ ലൈറ്റുകൾ കവർ ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്യുക.
- രാത്രിയിൽ ലൈറ്റ് ആവശ്യമുണ്ടെങ്കിൽ, തിളക്കമുള്ള വെളുത്ത വെളിച്ചത്തിന് പകരം മങ്ങിയതും ചൂടുള്ളതുമായ (warm color) പ്രകാശം നൽകുന്ന ചെറിയ ലൈറ്റുകൾ ഉപയോഗിക്കുക.




