ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ പിത്തായ എന്നറിയപ്പെടുന്ന ഈ പഴം ഇന്ത്യയിൽ ഇപ്പോൾ ഏറെ ജനപ്രിയമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ വിള ഗുണനിലവാരം കുറഞ്ഞ മണ്ണിൽ പോലും എളുപ്പത്തിൽ കൃഷി ചെയ്യാം. മഹാരാഷ്ട്രയിലെ ഒരു കർഷകൻ ഡ്രോൺ ഫ്രൂട്ട് കൃഷിയിലൂടെ വലിയ വിജയവും ലാഭവും നേടി മാതൃകയായിരിക്കുകയാണ്.
സോലാപൂരിലെ ‘രുക്മിണി ഫാംസ് ആന്റ് നഴ്സറി’ സ്ഥാപകനായ മഹേഷ് അസബെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലൂടെ പ്രതിവർഷം 2 കോടി രൂപയാണ് വരുമാനമുണ്ടാക്കുന്നത്. തുടക്കത്തിൽ മൂന്ന് ഏക്കറിൽ ആരംഭിച്ച ഇദ്ദേഹത്തിന്റെ കൃഷി, ഇന്ന് വിവിധ തരം ഡ്രാഗൺ ഫ്രൂട്ടുകളും മറ്റ് പഴവർഗ്ഗങ്ങളും വിളയുന്ന 60 ഏക്കർ കൃഷിയിടമായി വളർന്നു കഴിഞ്ഞു.
സോലാപൂരിലെ അകോല ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് മഹേഷിന്റെ ജനനം. കാർഷിക എഞ്ചിനീയറിംഗിൽ ബി.ടെകും, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആന്റ് ഫുഡ് പ്രോസസിംഗിൽ എം.ടെകും ഇദ്ദേഹം പൂർത്തിയാക്കി. മുൻപ് ചോളം പോലുള്ള പരമ്പരാഗത വിളകളാണ് ഇവരുടെ കുടുംബം കൃഷി ചെയ്തിരുന്നത്. 2013-14 കാലഘട്ടത്തിൽ, കുറഞ്ഞ വെള്ളം മാത്രം ആവശ്യമുള്ള ഡ്രാഗൺ ഫ്രൂട്ട് വരണ്ട പ്രദേശങ്ങളിലും നന്നായി വളരുമെന്ന് മനസ്സിലാക്കിയ മഹേഷിന്റെ പിതാവാണ് ഈ കൃഷിയിലേക്ക് തിരിയുന്നത്.
ബംഗ്ലാദേശിൽ നിന്നാണ് ഇവർ ആദ്യമായി 9,000 തൈകൾ എത്തിച്ചത്. ഇതിനായി ഏകദേശം 9.9 ലക്ഷം രൂപ മുതൽമുടക്കേണ്ടി വന്നു. മഹാരാഷ്ട്രയിൽ ആദ്യമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്ത കർഷകരിൽ ഒരാളാണ് തന്റെ കുടുംബമെന്ന് മഹേഷ് വ്യക്തമാക്കുന്നു. 2015-16 കാലഘട്ടത്തിലാണ് ഇവർ ആദ്യമായി വിളവെടുത്തത്. മൂന്ന് ഏക്കർ ഫാമിൽ നിന്ന് ഏക്കറിന് അഞ്ച് ടൺ വീതം വിളവ് ലഭിച്ചു. കിലോയ്ക്ക് 33 രൂപ നിരക്കിൽ വിറ്റപ്പോൾ ആദ്യമായി 5 ലക്ഷം രൂപ ലഭിച്ചു. പിന്നീട് 2017 ആയപ്പോഴേക്കും കിലോയ്ക്ക് 150 മുതൽ 250 രൂപ വരെ വില ലഭിച്ചു തുടങ്ങി.
പഠനത്തിന്റെ ഭാഗമായി മഹേഷ് ഇസ്രായേലിൽ 45 ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുത്തു. അവിടെവെച്ച് ജലസംരക്ഷണം, ആധുനിക കാർഷിക രീതികൾ, വിളവ് വർദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾ എന്നിവ പഠിച്ചു. തുടർന്ന് 2018-ൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി കൂടുതൽ പഠിക്കാൻ അദ്ദേഹം വിയറ്റ്നാമും സന്ദർശിച്ചു. അവിടെ നിന്ന് പഠിച്ച വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം ഫാമിൽ വേറിട്ട രീതിയിലുള്ള പരീക്ഷണ തോട്ടങ്ങൾ നിർമ്മിച്ചു.
തന്റെ കൃഷിയിടത്തിൽ തുള്ളിനന (drip irrigation), ഫാം കുളങ്ങൾ എന്നിവ നിർമ്മിച്ച് ജലലഭ്യത ഉറപ്പാക്കാൻ മഹേഷിന് സാധിച്ചു. കൂടാതെ കള പറിക്കൽ ഉൾപ്പെടെയുള്ള ജോലികൾ യന്ത്രവത്കരിക്കുകയും ചെയ്തു. ഇന്ന് 60 ഏക്കറിലേക്ക് വളർന്ന രുക്മിണി ഫാംസിൽ ഡ്രാഗൺ ഫ്രൂട്ടിന് പുറമേ മാതളം, ആത്തച്ചക്ക, പേയ്ക്ക എന്നിവയും കൃഷി ചെയ്യുന്നുണ്ട്. പ്രതിവർഷം 200 ടൺ ഡ്രാഗൺ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നതിലൂടെ മാത്രം 1.25 കോടി രൂപയുടെ വരുമാനമുണ്ട്. മറ്റ് പഴങ്ങളുടെ വിൽപ്പന കൂടി കണക്കിലെടുക്കുമ്പോൾ ഫാമിൽ നിന്നുള്ള ആകെ വാർഷിക വിറ്റഴവ് (turnover) 2 കോടി രൂപയാണ്.




