ചണ്ഡീഗഢ്: വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ആവശ്യപ്പെട്ട പണവും സ്വർണവും ലഭിക്കാത്തതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വരനും സംഘവും. വിവാഹത്തിന് തൊട്ടുമുൻപാണ് അപ്രതീക്ഷിതമായി 10 ലക്ഷം രൂപയും സ്വർണവും നൽകണമെന്ന് വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. ഇതിന് പിന്നാലെ വരനും കൂട്ടരും വിവാഹത്തിൽ നിന്ന് പിന്മാറുകയും പന്തലിലേക്ക് വരാതെ മടങ്ങുകയുമായിരുന്നു. ഹരിയാനയിലെ ഫരീദ്കോട്ടിലാണ് ഈ സംഭവമുണ്ടായത്.
നവംബർ നാലിനാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും വധുവിന്റെ വീട്ടുകാർ പൂർത്തിയാക്കിയിരുന്നു. ബന്ധുക്കളെല്ലാം വിവാഹസ്ഥലത്ത് ഒത്തുകൂടിയ സമയത്താണ് വരന്റെ ഭാഗത്തുനിന്ന് ഈ അപ്രതീക്ഷിത സ്ത്രീധനാവശ്യം ഉയർന്നത്. വിവാഹത്തിന്റെ ആവശ്യങ്ങൾക്കായി ഇതിനോടകം തന്നെ വലിയൊരു തുക ചെലവഴിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് സങ്കടത്തോടെ പറഞ്ഞു.
കപൂർത്തല ജില്ലയിലെ ജാതികെ സംഗോജ്ല ഗ്രാമത്തിൽ താമസിക്കുന്ന ഷംഷേർ സിങ്ങിന്റെ മകൻ അമൻജ്യോത് സിങ്ങുമായിട്ടായിരുന്നു യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. വരൻ, മാതാപിതാക്കൾ, മറ്റ് ബന്ധുക്കൾ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകി.




