തിരുവനന്തപുരം പാറശാലയിൽ മാല പൊട്ടിച്ച കള്ളനെ ബൈക്കടക്കം തോട്ടിലേക്ക് ചവിട്ടിത്താഴ്ത്തി വീട്ടമ്മ. 61-കാരിയുടെ മനക്കരുത്തിന് മുന്നിലാണ് മോഷ്ടാവ് അകപ്പെട്ടത്. പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടിയ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.
പ്രസന്നകുമാരി എന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയാണ് മോഷ്ടാവിനെ സാമർത്ഥ്യത്തോടെ കുടുക്കിയ വീരവനിത. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രസന്നകുമാരിയെ വഴിയിൽ തക്കം പാർത്തിരുന്ന മോഷ്ടാവ് ആക്രമിക്കുകയായിരുന്നു.
വിജയദാസ് എന്ന കള്ളൻ ഇവരുടെ കഴുത്തിലെ മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്തു. തുടർന്ന് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച വിജയദാസിനെ പ്രസന്നകുമാരി ബൈക്കിൽ പിടിച്ച് നിർത്താൻ ശ്രമിച്ചു. ശക്തമായ പിടിവലിക്കൊടുവിൽ മദ്യലഹരിയിലായിരുന്ന കള്ളനെയും ബൈക്കിനെയും അവർ സമീപത്തെ തോട്ടിലേക്ക് തള്ളിയിട്ടു.
തോട്ടിൽ നിന്ന് കരകയറാനാകാതെ കിടന്ന കള്ളനെ ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് പിടികൂടുകയും പാറശാല പൊലീസിന് കൈമാറുകയും ചെയ്തു. 61-കാരിയായ പ്രസന്നകുമാരി കാണിച്ച ഈ ധീരതയിലാണ് കള്ളൻ കുടുങ്ങിയതും നഷ്ടപ്പെട്ട മൂന്ന് പവന്റെ മാല സുരക്ഷിതമായി തിരികെ ലഭിച്ചതും.




