നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിന് ഈ ന്യൂസിലാൻഡ് പരമ്പര തികച്ചും നിരാശാജനകമായിരുന്നു. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 180 റൺസ് വഴങ്ങി ഒരൊറ്റ വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
നാലാം മത്സരത്തിൽ ഭുവനേശ്വറിനെ ഒഴിവാക്കുകയും അഞ്ചാം മത്സരത്തിൽ തിരികെ കൊണ്ടുവരികയും ചെയ്ത ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ താരം അജയ് ജഡേജ ചോദ്യം ചെയ്തു. എങ്കിലും പരമ്പരയിലുടനീളം മറ്റ് ഇന്ത്യൻ ബൗളർമാരും ധാരാളം റൺസ് വഴങ്ങിയിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രകടനം മാത്രം വേറിട്ടുനിൽക്കുന്ന ഒന്നല്ലെന്ന് ജഡേജ ചൂണ്ടിക്കാട്ടി.
“ഇതൊരു ഉയർന്ന സ്കോറുകൾ പിറന്ന പരമ്പരയായിരുന്നു. മൂന്ന് മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കുകയും അഞ്ചാം മത്സരത്തിൽ തിരികെ കൊണ്ടുവരികയും ചെയ്തു. പുതിയ എന്തെങ്കിലും കാണാനാണോ നിങ്ങൾ പ്രതീക്ഷിച്ചത്? 12-15 വർഷമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഒരു താരം അദ്ദേഹത്തിന് കഴിയുന്നത് തന്നെയാണ് ചെയ്തത്. കണക്കുകൾ മാത്രം നോക്കിയാൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായി തോന്നും. എന്നാൽ മറ്റ് നാല് ബൗളർമാരുടെ കണക്കുകൾ കൂടി ഒത്തുനോക്കിയാൽ വലിയ വ്യത്യാസമൊന്നും കാണാൻ കഴിയില്ല. ഭുവനേശ്വർ കുമാറിൽ നിന്ന് പ്രതീക്ഷിച്ച പരിചയസമ്പത്ത് അദ്ദേഹം പുറത്തെടുത്തു. തന്റെ ജോലി അദ്ദേഹം ചെയ്തു, എന്നാൽ ഇതൊരു മികച്ച പരമ്പരയായിരുന്നില്ല. വളരെ നല്ലതെന്നോ വളരെ മോശമെന്നോ ഇതിനെ പറയാൻ കഴിയില്ല,” ജഡേജ പറഞ്ഞു.
ഇന്ത്യൻ ടീം ജസ്പ്രീത് ബുംറയുടെ സേവനം വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന് പകരം വെയ്ക്കാൻ മറ്റൊരു ബൗളറില്ലെന്നും ജഡേജ കൂട്ടിച്ചേർത്തു.
“ബുംറ ഒരു പ്രത്യേകതരം ബൗളറാണ്. അദ്ദേഹം ഏത് ടീമിൽ കളിച്ചാലും, അവിടെ അദ്ദേഹത്തിന്റെ അഭാവം വലിയൊരു ശൂന്യത സൃഷ്ടിക്കും. ബുംറയ്ക്ക് പകരം വെയ്ക്കാൻ ലോകത്ത് ആരുമില്ല. അദ്ദേഹത്തിന്റെ കുറവ് നികത്താൻ മറ്റാർക്കും കഴിയില്ല. എപ്പോഴും അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിക്കും. അതിൽ യാതൊരു സംശയവുമില്ല, എങ്കിലും ബുംറയില്ലാതെ കളിക്കാൻ ഇന്ത്യ ശീലിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഭുവനേശ്വറിനെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനം തെറ്റായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഭുവനേശ്വര്‍ വന്നതോടെ യുവ പേസര്‍മാര്‍ക്ക് അവസരം നഷ്ടമാകുകയാണ് ഫലത്തില്‍ ഉണ്ടായതെന്നും പഠാന്‍ പറയുന്നു.
ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ ഞായറാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യ ഏഴ് വിക്കറ്റിന്റെ അപ്രതീക്ഷിത തോൽവി വഴങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, ഇഷാൻ കിഷൻ (61), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (50) എന്നിവരുടെ അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റിന് 191 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ്, 50 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ടിം സീഫെർട്ടിന്റെ മികവിൽ രണ്ട് ഓവർ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. തോൽവി വഴങ്ങിയെങ്കിലും 5 മത്സരങ്ങളടങ്ങിയ പരമ്പര 3-2 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കി.




