Crime

33-കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർതൃപിതാവിന്റെ ഓഡിറ്റോറിയം അടിച്ചുതകർത്ത് ബന്ധുക്കൾ

പൂണെ: പൂണെ മുകുന്ദ് നഗറിലെ വസതിയിൽ മുപ്പത്തിമൂന്നുകാരിയായ പായൽ അക്ഷയ് സാംബ്രെയെ മരിച്ച നിലയിൽ കണ്ടെത്തി. ആറു വർഷം മുൻപ് വിവാഹിതയായ ഇവർക്ക് നാലു വയസ്സുള്ള ഒരു മകളുണ്ട്. രാവിലെ 11 മണിയോടെ വിവരം ലഭിച്ച് പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്.

മരണവാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർത്തു. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് വ്യക്തമാക്കുന്നു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം പാലിക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

തെക്കൻ പൂണെയിൽ ഏറെ പ്രശസ്തമായ വിവാഹ-വിരുന്ന് വേദികളിലൊന്നാണ് സാംബ്രെ പാലസ്. ഖേഡ് ശിവാപൂരിലെ ‘നക്ഷത്ര പാലസ്’ ഉടമകളുടെ മകളായ പായലിന്റെ വിവാഹം ഏറെ ആർഭാടമായാണ് കുടുംബം നടത്തിയിരുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.