ഈയടുത്താണ് യുഎസ് ടെന്നസിയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ വിഷം കുത്തിവച്ച ക്രിസ്റ്റാ പൈക്ക് എന്ന യുവതി മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശിക്ഷയ്ക്കായി ഉഗ്രവിഷം കുത്തിവച്ചതിനെത്തുടർന്ന് ഏറെ നാൾ കോമയിലായിരുന്ന ക്രിസ്റ്റ, ബോധം തിരിച്ചുകിട്ടിയതോടെ തനിക്ക് നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചു. മരുന്ന് കുത്തിവച്ച ശേഷം മരിക്കാൻ സമാധാനത്തോടെ കാത്തിരിക്കുകയായിരുന്നു എന്നും പിന്നീട് ആശുപത്രിയിൽ കണ്ണ് തുറന്നപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും അവർ പറയുന്നു. ആശുപത്രിയിലെ ജീവിതം വളരെ ദുസഹമാണെന്നും ശരീരത്തിലുടനീളം കഠിനമായ വേദനയാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും പ്രയാസപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ ഇതിലും വലിയ മാനസിക വേദനയാണ് താൻ അനുഭവിക്കുന്നതെന്നും ക്രിസ്റ്റ വ്യക്തമാക്കി.
ശിക്ഷ ശരിയായി നടപ്പിലാക്കാൻ കഴിയാത്ത അധികൃതരുടെ വീഴ്ചയെ വിമർശിച്ച ക്രിസ്റ്റ, ആശുപത്രിക്കിടക്കയിൽ വെച്ച് താൻ കൊലപ്പെടുത്തിയ പെൺകുട്ടിയെക്കുറിച്ചും അവളുടെ കുടുംബ അനുഭവിച്ച മാനസിക വേദനയെക്കുറിച്ചും ഓർത്ത് ഒരുപാട് കരഞ്ഞതായി വെളിപ്പെടുത്തി. മരിക്കാൻ സാധിക്കാത്തത് തനിക്ക് വലിയ വേദനയുണ്ടാക്കിയെങ്കിലും അത് പുതിയൊരു പ്രതീക്ഷ നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്ടർമാരോടും നഴ്സുമാരോടും വലിയ കടപ്പാടുണ്ട്. ഇത്രയും കാലം ഒറ്റപ്പെട്ടുപോയ അവസ്ഥയിലായിരുന്ന തനിക്ക് ഇപ്പോൾ ചുറ്റും ആളുകളുണ്ടെന്ന ആശ്വാസമുണ്ടെന്നും ക്രിസ്റ്റ കൂട്ടിച്ചേർത്തു. കുത്തിവെച്ച വിഷം രക്തധമനിയിലേക്ക് കയറുന്നതിന് പകരം ത്വക്കിനടിയിൽ കുടുങ്ങിപ്പോയതാണ് വധശിക്ഷ പരാജയപ്പെടാൻ ഇടയാക്കിയത്. ഇത് ക്രിസ്റ്റയുടെ കയ്യിൽ ഗുരുതരമായ പൊള്ളൽ പോലെയുള്ള പരിക്കുകൾ ഉണ്ടാക്കി.
1995-ൽ തന്റെ 18-ാം വയസ്സിൽ കൊളിൻ സ്ലെമ്മർ എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീ കൂടിയാണ് ക്രിസ്റ്റ. സുപ്രീം കോടതിയുടെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചത്. എന്നാൽ ഈ അസാധാരണ സംഭവം നടന്നതോടെ അമേരിക്കയിലെ വധശിക്ഷാ രീതികളെക്കുറിച്ചുള്ള ചർച്ചകളും നിയമതർക്കങ്ങളും വീണ്ടും സജീവമായിരിക്കുകയാണ്. അതേസമയം, കൊല്ലപ്പെട്ട കൊളിൻ സ്ലെമ്മറുടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വൈകുന്നതിൽ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
1995 ജനുവരി 12-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടക്കുന്നത്. തന്റെ 17 വയസ്സുകാരനായ കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ക്രിസ്റ്റ പൈക്ക് തനിക്കൊപ്പം പഠിച്ചിരുന്ന 19 വയസ്സുള്ള കോളിൻ സ്ലെമ്മറിനെ വധിച്ചത്. ക്രിസ്റ്റയും കാമുകനും ചേർന്ന് കോളിനെ ഒരു വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബോക്സ് കട്ടർ ഉപയോഗിച്ചും മരത്തടി കൊണ്ടടിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഇരയുടെ ശരീരത്തിൽ തലകീഴായ നക്ഷത്ര ചിഹ്നം കൊത്തിവെച്ചിരുന്നു. സാത്താൻ സേവയുടെ ഭാഗമായി നടന്ന കൊലപാതകമെന്ന രീതിയിലാണ് അന്ന് ഈ കേസ് മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയത്. കൊലപാതകത്തിന് ശേഷം ക്രിസ്റ്റ ഈ വിവരങ്ങൾ സഹപാഠികളോട് പങ്കുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
പെൺകുട്ടിയെ ആക്രമിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും എന്നാൽ പിന്നീട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നുമാണ് ക്രിസ്റ്റ പൊലീസിന് നൽകിയ മൊഴി. കൊലപാതകം നടക്കുമ്പോഴുള്ള ക്രിസ്റ്റയുടെ ചെറുപ്പപ്രായവും ബാല്യകാലത്ത് നേരിടേണ്ടി വന്ന ശാരീരിക-ലൈംഗിക പീഡനങ്ങളും മാനസിക വെല്ലുവിളികളും പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ക്രിസ്റ്റയ്ക്ക് ബൈപോളാർ ഡിസോർഡറും പി.ടി.എസ്.ഡി.യും ഉണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. 1996-ൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടുമ്പോൾ ടെന്നസിയിലെ വധശിക്ഷ കാത്തു കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയായിരുന്നു ക്രിസ്റ്റ. ഈ കേസിൽ ക്രിസ്റ്റയുടെ കാമുകന്റെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തു നൽകിയിരുന്നു. വധശിക്ഷ തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്റ്റ നൽകിയ അവസാന അപേക്ഷയും യു.എസ്. സുപ്രീം കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.




