മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടിയും റേഡിയോ ജോക്കിയുമായ ആർജെ മഹ്വാഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ തെറ്റാണെന്ന് റിപ്പോര്ട്ടുകള്. അടുത്തിടെ പങ്കെടുത്ത ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലെ ചില പരാമർശങ്ങൾ മുറിച്ചെടുത്ത് പ്രചരിപ്പിച്ചതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ചെഹലിന്റെ മുൻ വിവാഹവുമായി ബന്ധപ്പെടുത്തി മഹ്വാഷ് വെളിപ്പെടുത്തലുകൾ നടത്തിയെന്ന തരത്തിലായിരുന്നു പ്രധാന പ്രചാരണം.
മുൻ ഭാര്യ ധനശ്രീ വർമ ഗർഭിണിയായിരുന്ന സമയത്ത് ചെഹൽ അവരെ വഞ്ചിച്ചുവെന്ന് മഹ്വാഷ് പറഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ അഭിമുഖത്തിന്റെ പൂർണരൂപം പരിശോധിക്കുമ്പോൾ 19-ാം വയസ്സിൽ സ്വന്തം ജീവിതത്തിലുണ്ടായ ഒരു പ്രണയാനുഭവത്തെക്കുറിച്ചാണ് അവർ സംസാരിച്ചതെന്ന് മനസ്സിലാക്കാം. ഇതിൽ ചെഹലിനെതിരെ യാതൊരുവിധ ആരോപണങ്ങളും അവർ ഉന്നയിച്ചിട്ടില്ല. പോഡ്കാസ്റ്റിലെ ചില ഭാഗങ്ങൾ മാത്രം സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റിയാണ് വ്യാജമായി പ്രചരിപ്പിച്ചത്. ചെഹലുമായി മഹ്വാഷ് പ്രണയത്തിലാണെന്ന മുൻ പ്രചാരണങ്ങളാണ് വാർത്തകൾ ഇത്തരത്തിൽ വളച്ചൊടിക്കാൻ കാരണമായത്.
അലിഗഢിൽ താമസിച്ചിരുന്ന കാലത്ത് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വ്യക്തിയുമായുണ്ടായ പ്രണയത്തെക്കുറിച്ചാണ് മഹ്വാഷ് സംസാരിച്ചത്. ആ വ്യക്തി തന്നെ മൂന്നു തവണ വഞ്ചിച്ചുവെന്നും ഇത് തന്റെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചെന്നും അവർ വ്യക്തമാക്കി. പാനിക് അറ്റാക്കുകളെ തുടർന്ന് ആശുപത്രിയിലായപ്പോൾ പോലും ആ വ്യക്തി തന്നെ മനസ്സിലാക്കിയില്ല. പിന്നീട്, തന്നോട് ചെയ്തതുപോലെ തന്നെ അയാൾ സ്വന്തം ഗർഭിണിയായ ഭാര്യയെയും വഞ്ചിച്ച ശേഷമാണ് വിവാഹമോചനം നേടിയതെന്ന് അവർ പറഞ്ഞു. ഈ പരാമർശമാണ് ചെഹലുമായി തെറ്റായി കൂട്ടിയിണക്കിയത്.
2025 മാർച്ച് മാസത്തിൽ ധനശ്രീയുമായുള്ള വിവാഹമോചനത്തിനു ശേഷം ചെഹലും മഹ്വാഷും പൊതുവേദികളിൽ ഒരുമിച്ചെത്തിയത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും നിലവിൽ അവിവാഹിതനാണെന്നും ചെഹൽ വ്യക്തമാക്കിയിരുന്നു. പ്രയാസകരമായ ഘട്ടത്തിൽ സുഹൃത്തെന്ന നിലയിൽ നൽകിയ പിന്തുണ മാത്രമാണ് ഇതെന്ന് മഹ്വാഷും വ്യക്തമാക്കി. എന്നിട്ടും അഭിമുഖത്തിലെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം കാണാതെ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ വിമർശനവും ഉയർന്നുവന്നിട്ടുണ്ട്. ധനശ്രീ ഗർഭിണിയായിരുന്ന സമയത്തല്ല ഇരുവരും വേർപിരിഞ്ഞതെന്നും, മഹ്വാഷ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് പങ്കുവെച്ചതെന്നും എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ആളുകൾ ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യം മനസ്സിലാക്കാതെ ചെഹലിന്റെ മേൽ കുറ്റം ചുമത്തരുതെന്നും സോഷ്യൽ മീഡിയ പ്രതികരിച്ചു.
2020 ഡിസംബറിലായിരുന്നു ചെഹലിന്റെയും ധനശ്രീ വർമയുടെയും വിവാഹം നടന്നത്. എന്നാൽ 2025 ഫെബ്രുവരിയിൽ ഇരുവരും പരസ്പര സമ്മതത്തോടെ ബാന്ദ്ര കുടുംബകോടതിയിൽ വിവാഹമോചന ഹർജി നൽകുകയും തുടർന്ന് ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. എന്നാൽ വേർപിരിയൽ സമയത്ത് ധനശ്രീ ഗർഭിണിയായിരുന്നു എന്ന പ്രചാരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല.




