തന്റെ തൊണ്ണൂറ്റേഴാം ജന്മദിനാഘോഷത്തിനിടെ ഡാൻസ് ഫ്ലോറിൽ ചുവടുവെച്ചതിന് പിന്നാലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ജീവൻ വെടിഞ്ഞ് കാലിഫോർണിയ സ്വദേശിയായ വയോധികൻ. ബീ ഗീസ് പാടിയ പ്രശസ്തമായ “സ്റ്റേയിൻ എലൈവ്” എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചതിന് തൊട്ടുപിന്നാലെയാണ് 97-കാരനായ വിറ്റോ വിടവാങ്ങിയത്.
ലോസ് ആഞ്ചലസ് സ്വദേശിയായ കേക്ക് ബെക്കർ ഈഡൻ മാളിനോഫാണ് തന്റെ അയൽവാസിയുടെ ജീവിതത്തിലെ ഈ അപൂർവ്വമായ യാത്രയയപ്പിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിറ്റോയുടെ ജന്മദിനം. ഹാലോവീൻ തീമിലുള്ള പിറന്നാൾ ആഘോഷത്തിനിടെ തുള്ളിച്ചാടി നൃത്തം ചെയ്യുന്ന വിറ്റോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
റെഡ് വൈൻ ചോക്ലേറ്റ് കേക്കാണ് മാളിനോഫ് വിറ്റോയ്ക്കായി തയാറാക്കിയത്. ഇത്രയും ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരുന്നതിന്റെ രഹസ്യം ചോദിച്ചപ്പോൾ, വിലകുറഞ്ഞ മദ്യം കുടിക്കരുത് എന്നായിരുന്നു വിറ്റോ നൽകിയ തമാശ നിറഞ്ഞ മറുപടിയെന്ന് മാളിനോഫ് ഓർക്കുന്നു.
ആഘോഷങ്ങൾക്കിടയിൽ കേക്ക് മുറിച്ച് എല്ലാവരും പിറന്നാൾ ആശംസകൾ നേർന്നു കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിറ്റോ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചത്. മാളിനോഫ് പറഞ്ഞതനുസരിച്ച് അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നില്ല, തികച്ചും അപ്രതീക്ഷിതമായാണ് ഈ മരണം സംഭവിച്ചത്. രാത്രി ഞങ്ങൾ പ്രതീക്ഷിച്ച രീതിയിലല്ല അവസാനിച്ചതെങ്കിലും വിറ്റോയ്ക്ക് ഇതിനേക്കാൾ മനോഹരമായ ഒരു യാത്രയയപ്പ് ലഭിക്കാനില്ലെന്ന് മാളിനോഫ് കുറിച്ചു. സ്നേഹിക്കുന്ന മനുഷ്യർക്ക് നടുവിൽ, സന്തോഷത്തോടെ ഒരു ജീവിതം പൂർത്തിയാക്കി യാത്രയാകാൻ അദ്ദേഹത്തിന് സാധിച്ചു.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മികച്ച മരണമാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. “ഒരു തൊണ്ണൂറ്റാറുകാരൻ മരിക്കുന്നത് ഞെട്ടിക്കുന്ന കാര്യമായി കാണേണ്ടതില്ല, മറിച്ച് തന്റെ അവസാന നിമിഷങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച്, വലിയ വേദനകളൊന്നുമില്ലാതെ യാത്രയാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമാണ്”, “എനിക്കും ഇതുപോലെ ആഘോഷങ്ങളോടെ ഈ ലോകത്തുനിന്ന് മടങ്ങാനാണ് ആഗ്രഹം” എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വന്ന പ്രമുഖ കമന്റുകൾ.




