Crime

പ്രണയപ്പകയ്ക്കപ്പുറം ‘സ്വകാര്യ വീഡിയോ’ തർക്കം! സന്ദേശമായി മഴുവിന്റെ ചിഹ്നം, കെണിയിൽ വീണത് നിരപരാധിയായ അഭിരാം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിരാമിനെ വധിച്ച് ചാക്കിൽകെട്ടി തള്ളിയ കേസിൽ അന്വേഷണം ചില സ്വകാര്യ വീഡിയോ ദൃശ്യങ്ങളിലേക്കും നീളുന്നു. കേവലം പ്രണയപ്പകയ്ക്കപ്പുറം കൊലപാതകത്തിലേക്ക് നയിക്കാൻ തക്കവണ്ണം മറ്റ് ശക്തമായ കാരണങ്ങളുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നത്. ചില സ്വകാര്യ വീഡിയോകൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെ പ്രധാന സൂചനയായി പോലീസിന് ലഭിച്ചിരിക്കുന്നത്.

പിടിയിലായ പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങളും ഫോണിലെ ഫോൾഡറുകളും വിശദമായി പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിപ്പിച്ചു വരുത്താൻ ശ്രമിച്ചത് ഈ വിഷയത്തിൽ സംസാരിക്കാനാണെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ സുഹൃത്ത് വരാൻ തയ്യാറാകാതിരുന്നതോടെയാണ് അഭിരാമിനെ മുന്നിൽ നിർത്തി അയാളെ വിളിച്ചുവരുത്താൻ ഇവർ നീക്കം നടത്തിയത്. ഒന്നാം പ്രതിയായ പതിനേഴുകാരൻ തന്റെ സുഹൃത്തും മൂന്നാം പ്രതിയുമായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്നുവെന്ന വിവരം രണ്ടാഴ്ച മുമ്പ് തന്നെ പങ്കുവെച്ചിരുന്നതായി പോലീസ് കണ്ടെത്തി.

ആനന്ദയുടെ ഫോണിലേക്ക് ഒന്നാം പ്രതി ഒരു മഴുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും താൻ ആക്രമിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കൃത്യമായ പ്ലാനിംഗോടെയാണ് പ്രതികൾ ഈ ചതിക്കുഴിയൊരുക്കിയത്. എന്നാൽ ഈ വിഷയത്തിൽ നേരിട്ട് ബന്ധമില്ലാതിരുന്ന അഭിരാമാണ് ഒടുവിൽ പ്രതികളുടെ അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മൊഴികളാണ് പ്രതികൾ നൽകിയിട്ടുള്ളത്. യാതൊരുവിധ കുറ്റബോധവുമില്ലാതെയാണ് ഇവരുടെ പെരുമാറ്റം.

നിലവിൽ ഒന്നാം പ്രതിയെ പൂജപ്പുര ഒബ്‌സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. അഭിരാമിന്റെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. സ്‌കൂബ ടീമിനെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ കാട്ടുപ്രദേശത്ത് ഇന്നും പോലീസ് സംഘം വിശദമായ തെളിവെടുപ്പും പരിശോധനയും നടത്തി.