തിരുവനന്തപുരം ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയുമാണ് പ്രതികൾ നടപ്പാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും (17), കൂട്ടുപ്രതികളായ ഉമർ (23), 18-കാരനായ മറ്റൊരാളും ഒന്നാം പ്രതിയുടെ പെൺസുഹൃത്തും ചേർന്നാണ് ഈ കൃത്യം ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാവിലെ പെൺസുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്നാണ് അഭിരാമിനെ വീട്ടിൽ നിന്നും വിളിച്ചിറക്കാനുള്ള ആദ്യ സന്ദേശം അയച്ചത്. കൊലപാതകം നടത്തിയാലും പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ഉപയോഗിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാമെന്ന് പ്രതികൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.
അവിചാരിതമായി ഉണ്ടായ തർക്കമല്ല, മറിച്ച് ക്രിമിനൽ ബുദ്ധിയോടെ നടപ്പാക്കിയ ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിയെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് അഭിരാമിനെ ചതിയിൽപ്പെടുത്തി എത്തുക്കാനുള്ള ആശയം ഒന്നാം പ്രതിയുടേതായിരുന്നു. ഇതിന് പെൺസുഹൃത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. പെൺകുട്ടികളുടെ ശൈലിയിൽ സന്ദേശമയക്കാൻ ഒന്നാം പ്രതിയെ പഠിപ്പിച്ചത് ഈ സുഹൃത്താണ്. പ്രായപൂർത്തിയാകാത്തതിനാൽ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും ജയിൽശിക്ഷയിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാമെന്നും രണ്ടാം പ്രതി ഉമറാണ് ഉപദേശിച്ചത്. പിടിക്കപ്പെട്ടാൽ ഒന്നാം പ്രതി മാത്രമാണ് കൊല ചെയ്തതെന്ന് പൊലീസിനോട് പറയാനും ഇവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു.
പെൺസുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ അയച്ച സന്ദേശം വിശ്വസിച്ചാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ആളൊഴിഞ്ഞ കാട്ടുപ്രദേശത്തേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. അവിടെയെത്തിയപ്പോഴാണ് സന്ദേശമയച്ചത് പെൺകുട്ടിയല്ലെന്നും പ്രതികളാണെന്നും അഭിരാം തിരിച്ചറിഞ്ഞത്. തന്റെ മറ്റൊരു സുഹൃത്തിനെക്കൂടി വിളിച്ചു വരുത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും ആ സുഹൃത്ത് വരാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പ്രതികൾ അഭിരാമിന് നേരെ ആക്രമണം അഴിച്ചുവിട്ടത്.
നിലവിളി പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയായിരുന്നു. തുടർന്ന് തലയിലും കഴുത്തിലും മാരകമായി പരിക്കേൽപ്പിച്ച് മരണം ഉറപ്പാക്കി. കഴുത്തിനേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റിലായ മൂന്ന് പ്രതികളിൽ പതിനേഴുകാരനെ ജുവനൈൽ ഹോമിലേക്കും മറ്റു രണ്ടുപേരെ ജയിലിലേക്കും മാറ്റി.




