പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് മനസ്സാക്ഷിയെ നടുക്കുന്ന ഒരാത്മഹത്യയുടെ വാർത്ത വരുന്നത്. 15 വയസ്സുള്ള പെൺകുട്ടിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിക്ക് 30 വയസ്സുള്ള ഒരു യുവതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമുള്ള പ്രാഥമിക നിഗമനത്തിൽ എത്തുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഒരു ടാറ്റു സ്റ്റുഡിയോ സന്ദർശിച്ചപ്പോഴാണ് പെൺകുട്ടി ഈ 30 കാരിയുമായി സൗഹൃദത്തിലാകുന്നത്. തുടർന്ന് ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ചാറ്റ് ചെയ്തിരുന്നു. പെൺകുട്ടിയോട് തനിക്ക് പ്രണയമാണെന്നും, 18 വയസ്സ് തികയുമ്പോൾ ഈ 30 കാരി സെക്സ് ചേഞ്ച് സർജറി ചെയ്ത് പുരുഷനായി മാറി വിവാഹം കഴിക്കാമെന്നും യുവതി സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പിന്നാലെ പെൺകുട്ടിയെ യുവതി ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചപ്പോൾ ഈ 30 കാരി സമാനമായ രീതിയിൽ മറ്റ് രണ്ട് പെൺകുട്ടികൾക്കും സന്ദേശങ്ങളും വിവാഹാഭ്യർഥനകളും അയച്ചിരുന്നതായി തെളിഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.




