ചങ്ങനാശേരി: പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞ് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് യുവാവ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് വാഹനം ഓടിച്ചത്. അപകടത്തിൽ ടയർ പൊട്ടിയിട്ടും കാർ റോഡിലൂടെ തീ പറത്തി മുന്നോട്ട് പാഞ്ഞു. തുടർന്ന് മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവമുണ്ടായത്. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണ് അപകടകരമായി കാറോടിച്ചിരുന്നത്. ആശാരിമുക്ക് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ ഇടിച്ചുവീഴ്ത്തിയശേഷം സ്കൂട്ടറിന് മുകളിലൂടെയാണ് കാർ മുന്നോട്ട് പാഞ്ഞുപോയത്. ഇടിയിൽ യുവതി റോഡരികിലേക്ക് തെറിച്ചുവീണതിനാൽ കാറിനടിയിൽ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
ഓട്ടത്തിനിടെ കാറിന്റെ ടയർ പൊട്ടിയിരുന്നെങ്കിലും ഗതാഗതത്തിരക്കേറിയ വാഴൂർ റോഡിലൂടെ തീപ്പൊരി ചിതറിയാണ് കാർ കുതിച്ചത്. മറ്റു വാഹനങ്ങൾ വെട്ടിച്ചുമാറ്റിയാണ് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഈ സമയമത്രയും നാട്ടുകാർ മറ്റു വാഹനങ്ങളിൽ കാറിനെ പിന്തുടരുന്നുണ്ടായിരുന്നു. തെങ്ങണ ജംക്ഷൻ കടന്ന് കണ്ണവട്ട ഇറക്കത്തിലേക്ക് എത്തിയതോടെ ടയർ പ്ലേറ്റ് റോഡിലുരഞ്ഞ് കാറിന്റെ വേഗം കുറഞ്ഞു. ഇതോടെ പിന്തുടർന്നെത്തിയവർ സ്വന്തം വാഹനങ്ങൾ കാറിന് കുറുകെയിട്ട് തടയുകയായിരുന്നു.
രോഷാകുലരായ നാട്ടുകാരുടെ കൈയിൽനിന്ന് ഏറെ ശ്രമപ്പെട്ടാണ് പതിനെട്ടുകാരനെ തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. അപകടത്തിൽ എത്രപേർക്കും ഏതൊക്കെ വാഹനങ്ങൾക്കും പരുക്കും നാശനഷ്ടവും സംഭവിച്ചെന്ന കണക്ക് പൊലീസ് ശേഖരിച്ചുവരികയാണ്. പരുക്കേറ്റ പലരും സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.




