ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് 23-കാരി വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട പോലീസ് രക്ഷാപ്രവർത്തനമാണ് ഗ്രാമത്തിൽ നടന്നത്. വലിയൊരു കൂട്ടം ആളുകൾ ഇത് കാണാൻ ഗ്രാമത്തിൽ തടിച്ചുകൂടി. അനുപമ എന്ന യുവതിയെ പിന്നീട് പോലീസ് സുരക്ഷിതമായി താഴെയിറക്കി കുടുംബത്തിന് കൈമാറി.
സരായ് അക്കീൽ സ്വദേശിയായ അവധേഷ് കുമാറുമായി അനുപമയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇരുവരുടെയും ഒരു ഫോൺ കോൾ റെക്കോർഡിംഗ് അവധേഷിന് ലഭിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെത്തുടർന്ന് ഉണ്ടായ തർക്കത്തിനൊടുവിൽ അവധേഷ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഇതിൽ മനംനൊന്ത അനുപമ വീട്ടിൽ നിന്ന് ഇറങ്ങി നാല് കിലോമീറ്റർ അകലെയുള്ള മഖായ്പൂർ ഗ്രാമത്തിലെത്തി വാട്ടർ ടാങ്കിന് മുകളിൽ കയറുകയായിരുന്നു.
നാട്ടുകാർ ആവശ്യപ്പെട്ടിട്ടും താഴെയിറങ്ങാൻ യുവതി തയ്യാറായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രാദേശിക പോലീസ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവതിയെ സംസാരിച്ച് ബോധ്യപ്പെടുത്തി താഴെയിറക്കിയത്.
തുടർന്ന് അനുപമയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചോദ്യം ചെയ്ത ശേഷം കുടുംബത്തോടൊപ്പം അയക്കുകയും ചെയ്തു. സംഭവത്തിൽ ആവശ്യമായ തുട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫോൺ കോൾ റെക്കോർഡിംഗിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് കൗശാംബിയിൽ വലിയ നാടകീയ സംഭവങ്ങളിലേക്ക് വഴിമാറിയത്.




