മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത് കൊല്ലപ്പെടുകയും മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിക്കുകയും ചെയ്ത വീട് ദീപാവലിക്ക് ശേഷം ശുദ്ധീകരിക്കും. ദാരുണമായ കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഈ കെട്ടിടം ഏകദേശം 19 മാസങ്ങൾക്ക് ശേഷമാണ് വീണ്ടെടുക്കുന്നത്. കൊലപാതകം നടന്ന മുറിയിൽ ‘ശുദ്ധീകരണ’ ചടങ്ങുകളും ‘ഹവന’വും നടത്തുമെന്ന് വീടുടമ ഓംപാൽ സിംഗ് ശനിയാഴ്ച അറിയിച്ചു. വീട് ശുചീകരിച്ച ശേഷം പെയിന്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
മീററ്റിലെ ബ്രഹ്മപുരി പ്രദേശത്തുള്ള ഇന്ദിരാ നഗറിലെ ഈ വീട്ടിൽ സൗരഭും ഭാര്യ മുസ്കാനും വാടകക്കാരായി താമസിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പോലീസിന്റെ സാന്നിധ്യത്തിൽ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന സൗരഭിന്റെ സാധനസാമഗ്രികൾ സഹോദരൻ രാഹുലിന് (ബബ്ലു) കൈമാറി. കൊലപാതകം നടന്ന മുറി കണ്ടതോടെ സൗരഭിന്റെ അമ്മ രേണു ദേവിയും സഹോദരനും കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞു.
2025 മാർച്ച് 3-നാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് കൊല്ലപ്പെടുന്നത്. കുറ്റം മറച്ചുവെക്കാനായി സൗരഭിന്റെ മൃതദേഹം കഷണങ്ങളാക്കി നീല ഡ്രമ്മിലാക്കി സിമന്റ് നിറച്ചതായി ഭാര്യ മുസ്കാനും കാമുകൻ സാഹിലും കുറ്റസമ്മതം നടത്തിയിരുന്നു. വാടകവീട്ടിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിയുന്നത്. തുടർന്ന് മാർച്ച് 18-ന് പോലീസ് മുസ്കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു.




