മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി രോഹിത് ശർമയെ വീണ്ടും നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . ഡിസംബറിലെ മിനി ലേലത്തിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയ്ക്ക് പകരം രോഹിത്തിനെ ഉടൻ നായകനായി പ്രഖ്യാപിച്ചേക്കും. ഹാർദിക്കിനെ ട്രേഡ് ചെയ്യാനും നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം തന്നെ വരാനിരിക്കുന്ന സീസണിന് മുന്നോടിയായി മുംബൈ സപ്പോർട്ട് സ്റ്റാഫിനെ പൂർണമായി മാറ്റിയിട്ടുണ്ട്. മഹേള ജയവർധനെയ്ക്ക് പകരം കെയ്റൻ പൊള്ളാർഡിനെ മുഖ്യ പരിശീലകനായും, ലസിത് മലിംഗയ്ക്ക് പകരം മിച്ചൽ മക്ക്ലെനഗനെ ബോളിങ് പരിശീലകനായും നിയമിച്ചു. മുൻ താരം റോബിൻ ഉത്തപ്പ ബാറ്റിങ് കോച്ചായും ടി. ദിലീപ് ഫീൽഡിങ് കോച്ചായും ചുമതലയേൽക്കും.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ഹാർദിക് ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കഴിഞ്ഞ സീസണിന്റെ പകുതിയിൽ തന്നെ ടീം പ്രതിസന്ധിയിലായപ്പോൾ പാണ്ഡ്യയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കാൻ മാനേജ്മെന്റ് ആഗ്രഹിച്ചിരുന്നതായാണ് വിവരം. 14 മത്സരങ്ങളിൽ 10 എണ്ണത്തിലും തോറ്റ് ഒൻപതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. ഈ തിരിച്ചടിയാണ് തീരുമാനങ്ങൾ വേഗത്തിലാക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുമ്ര എന്നിവർക്ക് പുറമെ തിലക് വർമയെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ അഞ്ച് തവണ കിരീടം നേടിത്തന്ന രോഹിത്തിലേക്ക് തന്നെ ഫ്രാഞ്ചൈസി ഒടുവിൽ മടങ്ങിയെത്തുകയായിരുന്നു. അടുത്ത മെഗാ ലേലത്തിന് മുന്നോടിയായി 2027 സീസണിലേക്ക് മാത്രമായിരിക്കും രോഹിത് ടീമിനെ നയിക്കുക. അതിനുശേഷം താരം പ്രഫഷനൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കും.
തുടക്കത്തിൽ ക്യാപ്റ്റനാകാൻ താല്പര്യപ്പെടാതിരുന്ന രോഹിത് തിലക് വർമയുടെ പേരാണ് നിർദേശിച്ചിരുന്നത്. എന്നാൽ അംബാനി കുടുംബത്തിന്റെ അഭ്യർഥന മാനിച്ചാണ് താരം ചുമതല ഏറ്റെടുക്കാൻ സമ്മതിച്ചതെന്ന് അടുത്തുറ്റ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. പുതിയ പരിശീലകരെ കണ്ടെത്തുന്നതിലും രോഹിത്തിന്റെ നിർദേശങ്ങൾ തേടിയിരുന്നു. നിലനിർത്തേണ്ട കളിക്കാരുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തതോടെ ഫ്രാഞ്ചൈസി വലിയൊരു തീരുമാനത്തിലെത്തിയിരിക്കുകയാണ്.
രോഹിത് ക്യാപ്റ്റനാകുന്നതോടെ ഹാർദിക് പാണ്ഡ്യയുടെ ഭാവി ചോദ്യചിഹ്നമായി തുടരുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളിലേക്ക് ഹാർദിക് മാറിയേക്കുമെന്ന് വാർത്തകളുണ്ടെങ്കിലും ഔദ്യോഗിക ഓഫറുകളൊന്നും മുംബൈയ്ക്ക് ലഭിച്ചിട്ടില്ല. ട്രേഡ് നടന്നില്ലെങ്കിൽ രോഹിത്തിന് കീഴിൽ കളിക്കാൻ അദ്ദേഹം സന്നദ്ധനാണ്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വൻ തുകയ്ക്ക് ട്രേഡ് ചെയ്ത് ഹാർദിക്കിനെ നായകനാക്കിയപ്പോൾ വലിയ വിമർശനങ്ങളും കാണികളുടെ കൂകിവിളികളും മുംബൈ നേരിടേണ്ടി വന്നിരുന്നു.




