തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനു സമീപം തണൽ എന്ന വീട്ടിൽ ജിഷയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിഷയുടെ ആദ്യ ഭർത്താവ് ശരത്ത് ഒന്നരവർഷം മുൻപ് വിദേശത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിൽ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്. മക്കളുമൊത്ത് ജിഷ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പതിനൊന്ന് ദിവസം മുൻപാണ് വർക്കല സ്വദേശിയായ അജി നടേശനെ ജിഷ വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഈ ചടങ്ങിൽ ജിഷയുടെ വീട്ടുകാർ ആരും പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലുണ്ടായ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നിലവിൽ വർക്കല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വർക്കല പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )




