Crime

അത് സുകുമാര കുറുപ്പല്ല, തൃശൂര്‍ സ്വദേശി ദാമോദര മേനോന്‍? സുകുമാര കുറുപ്പ് കേസില്‍ വീണ്ടും ട്വിസ്റ്റ്

സുകുമാര കുറുപ്പ് കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തൽ. അടുത്തിടെ പുറത്തുവന്ന പാസ്‌പോർട്ടിലെ ചിത്രം കുറുപ്പിന്റേതല്ലെന്നും തൃശൂർ കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്നും അദ്ദേഹത്തിന്റെ സഹോദരൻ സുരേന്ദ്ര മേനോൻ മനോരമ ന്യൂസിനോട് വ്യക്തമാക്കി. ദാമോദര മേനോൻ നാട്ടിൽ വന്നിട്ട് മുപ്പത് വർഷത്തോളമായെന്നും സഹോദരൻ വെളിപ്പെടുത്തി.

വർഷങ്ങളായി പ്രവാസിയായ ദാമോദര മേനോൻ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് മലേഷ്യൻ പൗരത്വമുണ്ട്. കുടുംബസമേതം മലേഷ്യയിൽ കഴിയുന്ന അദ്ദേഹം അവസാനമായി നാട്ടിലെത്തിയത് മുപ്പത് വർഷങ്ങൾക്ക് മുൻപാണ്.

കഴിഞ്ഞ മാസം ഫോണിൽ വിളിച്ചപ്പോൾ കുടുംബാംഗങ്ങൾ അദ്ദേഹത്തോട് സംസാരിച്ചിരുന്നതായി സഹോദരൻ പറഞ്ഞു. ഇത് സുകുമാര കുറുപ്പാണെന്ന പ്രചാരണം വെറുതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണു പരുക്കേറ്റതിനെ തുടർന്ന് ആരോഗ്യനില മോശമായ ദാമോദര മേനോൻ നിലവിൽ കട്ടിലിൽ പിടിച്ചുനിൽക്കാൻ മാത്രം കഴിയുന്ന അവസ്ഥയിൽ കിടപ്പിലാണ്.

ഇതിനി​ടെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസ് അമ്പേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസാണ്. ഒരു ലോങ് പെന്റിംഗ് കേസാണ്. ക്രൈംബ്രാഞ്ച് എഡിജിപി വെങ്കിടേഷിനോട് ഇതിനെ കുറിച്ച് അന്വേഷിക്കാനായി പറഞ്ഞിട്ടുണ്ട്. കേരള പൊലീസ് ഇന്റര്‍പോളുമായൊക്കെ ബന്ധപ്പെട്ട് നിജസ്ഥിതി എന്താണ് എന്ന് അറിയേണ്ടിയിരിക്കുന്നു.’’ അദ്ദേഹം പറഞ്ഞു