ദുബായിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരിക്ക് ലംബോർഗിനി ഉറുസ് സമ്മാനിച്ച സംഭവം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. റിച്ചി പ്രോപ്പർട്ടീസ് (Richkey Properties) സ്ഥാപകനും സി.ഇ.ഒയുമായ ദബാൻ ഉഥ്മാൻ ആണ്, രണ്ടു വർഷത്തിനിടെ 500 ദശലക്ഷം ഡോളറിലധികം (ഏകദേശം 4,100 കോടിയിലധികം രൂപ) വിൽപ്പന നടത്തിയ നടാലിയ ചാവെസ് എന്ന ഏജന്റിന് ഈ ലക്ഷ്വറി കാർ സമ്മാനിച്ചത്. അവാർഡ് മാത്രം പ്രതീക്ഷിച്ച് എത്തിയ നടാലിയയെ അമ്പരപ്പിച്ചുകൊണ്ട് സി.ഇ.ഒ സർപ്രൈസ് നൽകുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്.
കമ്പനിയുടെ മൂന്നാം വാർഷികാഘോഷത്തിലും അവാർഡ് ദാന ചടങ്ങിലുമാണ് ഈ കാർ സമ്മാനിച്ചത്. 2026-ലെ കമ്പനിയുടെ ഏറ്റവും മികച്ച ജീവനക്കാരിയായി (Top Performer of 2026) തെരഞ്ഞെടുക്കപ്പെട്ട നടാലിയയെ ട്രോഫി ഏറ്റുവാങ്ങാനായി സി.ഇ.ഒ വേദിയിലേക്ക് ക്ഷണിച്ചു.
വർഷത്തെ മികച്ച ജീവനക്കാരിയായി നടാലിയയെ പ്രഖ്യാപിക്കുന്നതും അവർ പുരസ്കാരം ഏറ്റുവാങ്ങുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. എന്നാൽ ട്രോഫിയുമായി സീറ്റിലേക്ക് മടങ്ങാൻ തുനിഞ്ഞ നടാലിയയെ ഉഥ്മാൻ തടഞ്ഞു.
“നടാലിയ, നീ എവിടെ പോകുന്നു? കഴിഞ്ഞു എന്ന് കരുതിയോ? നമ്മൾ അവസാനിപ്പിച്ചിട്ടില്ല. എനിക്ക് നിങ്ങൾക്ക് എല്ലാവർക്കും മുന്നിൽ ഒരു കാര്യം കാണിക്കാനുണ്ട്, നിങ്ങൾ തയ്യാറാണോ?” എന്ന് ഉഥ്മാൻ ചോദിച്ചു.
വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിലും മികച്ച പ്രകടനം തുടർന്ന നടാലിയയെ ഞെട്ടിച്ചുകൊണ്ട്, കൗണ്ട്ഡൗണിനൊടുവിൽ റിബൺ മുറിച്ച് നീല നിറത്തിലുള്ള പുതിയ ലംബോർഗിനി കാർ സമ്മാനമായി നൽകി. ഈ പ്രധാന അവാർഡിന് പുറമെ മറ്റ് നാല് പ്രധാന പുരസ്കാരങ്ങൾ കൂടി സ്വന്തമാക്കിയാണ് നടാലിയ ആ രാത്രി മടങ്ങിയത്.
“റിച്ചിയിൽ മികവ് പുലർത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്! വലിയ വിജയങ്ങൾ, വലിയ സ്വപ്നങ്ങൾ. അഭിനന്ദനങ്ങൾ നടാലിയ! നിങ്ങൾക്കിത് അർഹിച്ചതാണ്,” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ കരിയറിലെ വളർച്ചയെക്കുറിച്ച് സംസാരിച്ച നടാലിയ, തനിക്ക് കരിയറിൽ പുതിയ ഉയരങ്ങളിലെത്താൻ പറ്റിയ ഇടമാണിതെന്ന് ഉറപ്പുണ്ടായിരുന്നതായി പറഞ്ഞു. വർഷത്തിന്റെ ആദ്യ പാദത്തിൽ (Q1) മൂന്നാം സ്ഥാനത്തെത്തിയ നടാലിയ, തുടർന്നുള്ള രണ്ടും മൂന്നും പാദങ്ങളിലും 2026-ലെ ആകെ പ്രകടനത്തിലും ഒന്നാമതെത്തിയാണ് രംഗം കീഴടക്കിയത്.
ദുബായിൽ ലംബോർഗിനി ഉറുസ് കാറിന്റെ വില ഏകദേശം 9 ലക്ഷം എ.ഇ.ഡി മുതൽ 15.5 ലക്ഷം എ.ഇ.ഡി വരെയാണ് (ഏകദേശം 2.3 കോടി മുതൽ 4 കോടി ഇന്ത്യൻ രൂപ വരെ).




