Crime

‘ഇപ്പോൾ കല്യാണം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കും’: കാമുകനുമായി വിഡിയോ കോൾ; പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയിൽ

ഹൈദരാബാദിൽ കാമുകനെ വിളിച്ച് ഇപ്പോൾ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അറിയിച്ച ശേഷം 29-കാരിയായ സോഫ്റ്റ്‌വെയർ ജീവനക്കാരി തൂങ്ങിമരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് യുവതിയെ സ്വന്തം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് യുവതിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് സ്വദേശിനിയും മൈൻഡ്‌സ്‌പേസ് ഐ.ടി കോറിഡോറിലെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരിയുമായ അർച്ചന ചൗധരി മാലിക്കാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2:30-ഓടെ യുവതി തന്റെ സഹപ്രവർത്തകരിൽ ഒരാളെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇയാൾ അമ്മയോടൊപ്പം ഹൈദരാബാദിന് പുറത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഫോൺ വിളിക്കിടെ ഉടൻ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായാണ് വിവരം.

പിന്നീട് ഇയാൾ യുവതിയെ വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് പുലർച്ചെ 5:30-ഓടെ ഫ്ലാറ്റിൽ നേരിട്ടെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്രോളിംഗ് പോലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മാധാപൂർ പോലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധവും ആത്മഹത്യയിലേക്ക് നയിച്ച മറ്റ് സാധ്യതകളും അന്വേഷണസംഘം സജീവമായി പരിശോധിച്ച് വരികയാണ്.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)