കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഇയാളുടെ ഭാര്യയായ 40കാരിയെയും അവരുടെ ആദ്യ ഭർത്താവിലുള്ള പതിനാറുകാരിയായ മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ട് പോലീസിലും റെയിൽവേയിലും വിവരമറിയിച്ചത്. ഇതേത്തുടർന്ന് ഈ ട്രാക്കിലൂടെ വരുകയായിരുന്ന ട്രെയിൻ അധികൃതർ നിർത്തിക്കുകയായിരുന്നു.
പതിനഞ്ചുകാരിയായ മകളെ യുവാവ് വീട്ടിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടയിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികളുടെ മൊഴി. മദ്യപിച്ച് അവശനായി കിടന്ന യുവാവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം അടുത്തുള്ള റെയിൽവേ ട്രാക്കിൽ കൊണ്ടിടുകയായിരുന്നു. ഇടപ്പള്ളി റെയിൽവേ ലൈനിൽ പുതുക്കലവട്ടം ഭാഗത്ത് ട്രാക്കിന് സമീപത്തെ വാടകവീട്ടിലാണ് മൂവരും താമസിച്ചിരുന്നത്. ട്രാക്കിൽ കണ്ടെത്തിയ മൃതദേഹത്തിൽ ട്രെയിൻ തട്ടിയതിന്റെയോ വീണതിന്റെയോ പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ല.
അടുത്ത് മദ്യക്കുപ്പിയും ഗ്ലാസും കണ്ടതിനാൽ ആദ്യം മദ്യപിച്ച് വീണ് ഹൃദയസ്തംഭനമുണ്ടായതോ ആത്മഹത്യയോ ആകാം എന്ന് കരുതിയെങ്കിലും, മൃതദേഹത്തിന്റെ കിടപ്പിൽ സംശയം തോന്നിയ പോലീസ് കൊലപാതക സാധ്യത കണക്കിലെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ ഭാര്യയെയും മകളെയും കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് കണ്ട് പോലീസ് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ബന്ധുവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
തന്നേക്കാൾ പത്ത് വയസ്സിന് ഇളയതായ യുവാവിനൊപ്പം മകളെയുമെടുത്ത് കേരളത്തിലേക്ക് നാടുവിട്ടതായിരുന്നു യുവതി. മകളെ ലൈംഗികമായി ഉപദ്രവിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറഞ്ഞു. എളമക്കര സബ് ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് തെളിയിച്ചത്. നെഞ്ചിലും കഴുത്തിലുമേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഒഡിഷയിലേക്ക് കൊണ്ടുപോകും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന്റെ മേൽനോട്ടത്തിൽ വിപുലമായ അന്വേഷണ സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്.




