കൊല്ലം ശൂരനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്-അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരണപ്പെട്ടത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30-നായിരുന്നു അപകടം സംഭവിച്ചത്. ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
മദ്രസയിൽ നിന്നുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ബസിൽ മറന്നുവെച്ച ചെരുപ്പ് എടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട് അതിവേഗത്തിലെത്തിയ കാർ ആഹിലിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ബസിൽ നിന്നിറങ്ങിയ മറ്റ് കുട്ടികൾ റോഡിന്റെ മറുവശത്തേക്ക് മാറിയിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഹിലിനെ ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശൂരനാട് വടക്ക് പി.എസ്.പി.ടി.എം. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആഹിൽ. സംസ്കാരം വെള്ളിയാഴ്ച തെങ്ങുംവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അസ്ന, അമൽ എന്നിവരാണ് സഹോദരങ്ങൾ.




