Featured Oddly News

‘അടിച്ച് കോണ്‍തെറ്റി തലതിരിഞ്ഞപോയ പൊലീസുകാരന്‍’ ; വീഡിയോ വൈറലായി; പിന്നാലെ സസ്പെന്‍ഷന്‍

ഉത്തർപ്രദേശിലെ ചിത്രകൂടിൽ യൂണിഫോമിൽ മദ്യപിച്ച് ലക്കുകെട്ട് നിരുത്തരവാദപരമായി പെരുമാറിയ ഹെഡ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിത്രകൂട് പോലീസ് ലൈനിൽ സേവനമനുഷ്ഠിച്ചിരുന്ന ദീപക് പ്രകാശ് വർമ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

വഴിയോരത്തെ കടയിൽ മദ്യപിച്ച് സേനയ്ക്ക് അപമാനകരമായ രീതിയിൽ കസേരയിൽ കിടന്നതിനാണ് ഹെഡ് കോൺസ്റ്റബിൾ ദീപക് പ്രകാശ് വർമ്മയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ഒക്ടോബർ 19-ന് ചിത്രകൂടിലെ പ്രയാഗ്‌രാജ് ദേശീയപാതയോരത്തുള്ള ഒരു കടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ തല താഴേക്കും കാലുകൾ ഉയർത്തിയും വിചിത്രമായ രീതിയിലാണ് കസേരയിൽ കിടന്നിരുന്നത്. ഇത് കണ്ട നാട്ടുകാര്‍ എമർജൻസി ഹെൽപ്പ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം പോലീസുകാരന്റെ അവസ്ഥ മനസ്സിലാക്കി ഇയാളെ കൂടെക്കൊണ്ടുപോവുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാൽ ഇയാളുടെ വൈദ്യപരിശോധനാ റിപ്പോർട്ട് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനിടയിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ഇയാൾ മുൻപും മദ്യപിച്ച് സമാനമായ രീതിയിൽ നിരുത്തരവാദപരമായി പെരുമാറിയിട്ടുണ്ടെന്ന് പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇത്തരം പ്രവൃത്തികൾ പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് പോലീസ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. 2026 ഒക്ടോബർ 21-ന് റിസർവ് ഇൻസ്പെക്ടറും മീഡിയ സെൽ ഇൻ-ചാർജും നൽകിയ റിപ്പോർട്ട് പ്രകാരം, ദീപക് പ്രകാശ് വർമ്മ യൂണിഫോം ധരിച്ച് തുടർച്ചയായി മദ്യപിച്ച് നിരുത്തരവാദപരമായി പെരുമാറിയതായി സ്ഥിരീകരിച്ചു. ഇത്തരം മോശം പെരുമാറ്റം പൊതുസമൂഹത്തിൽ പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇരുവരുടെയും അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് ഉടനടി സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി ചുമതല സിറ്റി സർക്കിൾ ഓഫീസർക്ക് കൈമാറുകയും ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.