Featured Oddly News

തണുക്കുന്നു ചേട്ടാ…, ഭർത്താവിന്റെ ‘ധൃതരാഷ്ട്ര’ ആലിംഗനം; യുവതിയുടെ 5 വാരിയെല്ലുകൾ ഒടിഞ്ഞു!

ചൈനയിൽ ഭർത്താവിന്റെ കെട്ടിപ്പിടിത്തത്തിനിടയിൽ ഭാര്യയുടെ അഞ്ച് വാരിയെല്ലുകൾ ഒടിയുകയും ഒരെണ്ണത്തിന് ചെറിയ പൊട്ടൽ സംഭവിക്കുകയും ചെയ്ത വാർത്ത സിംഗപ്പൂർ മാധ്യമമായ ‘മദർഷിപ്പ്’ റിപ്പോർട്ട് ചെയ്തു. തനിക്ക് തണുക്കുന്നു എന്ന് ഭാര്യ പറഞ്ഞപ്പോൾ, അവരെ ചേർത്തുപിടിച്ച് ചൂടാക്കാൻ ഭർത്താവ് വാങ് ശ്രമിക്കുന്നതിനിടയിലാണ് ഈ അസാധാരണ സംഭവം നടന്നത്. കെട്ടിപ്പിടിക്കുന്നതിനിടയിൽ എന്തോ പൊട്ടുന്ന ശബ്ദം കേട്ടതായും പിന്നാലെ ഭാര്യ വേദന കൊണ്ട് നിലത്തുവീഴുകയും എഴുന്നേൽക്കാൻ പ്രയാസപ്പെടുകയും ചെയ്തതായി വാങ് വ്യക്തമാക്കി.

തുടക്കത്തിൽ ഇതൊരു ചെറിയ ഉളുക്കാണെന്ന് കരുതി അവർ കടുത്ത വേദന സഹിച്ച് പിറ്റേദിവസം രാവിലെയാണ് ആശുപത്രിയിലെത്തിയത്. എന്നാൽ സി.ടി. സ്കാൻ പരിശോധനയിൽ അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞതായും ആറാമത്തെ വാരിയെല്ലിന് ചെറിയ പൊട്ടലുള്ളതായും ഡോക്ടർമാർ കണ്ടെത്തി. ശസ്ത്രക്രിയ ആവശ്യമില്ലെന്നും മരുന്നുകളും ഹീലിങ് പാച്ചുകളും നൽകി കർശനമായി വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. കടുത്ത ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) മൂലം സ്ത്രീയുടെ അസ്ഥികൾ വളരെ ദുർബലമായിരുന്നതാണ് സാധാരണയായി നൽകിയ ഇത്രയും ചെറിയ സമ്മർദ്ദത്തിൽ അവ ഒടിയാൻ കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

45 കിലോ മുതൽ 50 കിലോ വരെ ഭാരമുള്ള യുവതി കർശനമായ ഡയറ്റ് പിന്തുടരുന്നയാളായിരുന്നുവെന്നും പതിവായി അത്താഴം ഒഴിവാക്കാറുണ്ടായിരുന്നുവെന്നും വാങ് ഓർമിച്ചു. കൂടാതെ ഇവർ ദിവസവും കാപ്പി കുടിക്കുകയും, വെയിൽ കൊള്ളാതിരിക്കാൻ ശരീരമൊക്കെ പൂർണ്ണമായി മൂടി നടക്കുക പതിവായതിനാൽ പുറത്തിറങ്ങാറുമില്ലായിരുന്നു.

ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്യാനും അസ്ഥികളുടെ ബലം നിലനിർത്താനും ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നതിന് സൂര്യപ്രകാശം അത്യാവശ്യമാണെന്നും, സൂര്യപ്രകാശത്തിന്റെ കുറവാണ് ഇതിന് കാര്യമെന്നും പ്രാദേശിക ഡോക്ടർമാർ വിശദീകരിച്ചു. ഓസ്റ്റിയോപൊറോസിസ് എന്നത് അസ്ഥികളെ ദുർബലപ്പെടുത്തുകയും പെട്ടെന്ന് ഒടിയാൻ ഇടയാക്കുകയും ചെയ്യുന്ന ഒരു രോഗമാണെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക് വ്യക്തമാക്കുന്നു. നിലവിൽ യുവതി ആരോഗ്യം വീണ്ടെടുക്കാനായി വീട്ടിൽ വിശ്രമത്തിലാണെന്നും, കൂടുതൽ വെയിൽ കൊള്ളാനും ആവശ്യമായ അളവിൽ കാൽസ്യം കഴിക്കാനും തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.