Spotlight

‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കരുത്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ

ലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമുള്ള സംവാദങ്ങൾക്ക് വീണ്ടും വഴിയൊരുക്കി ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതികളുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തികച്ചും തെറ്റാണെന്നും അത്തരം പ്രവണതകളിൽ നിന്ന് യുവാക്കൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഗവർണറുടെ ഈ നിരീക്ഷണം.

യുവാക്കൾ ആദ്യം സാമ്പത്തിക ഭദ്രത കൈവരിക്കണമെന്നും തങ്ങൾ ഏർപ്പെടുന്ന ബന്ധങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്നും ആനന്ദിബെൻ അഭിപ്രായപ്പെട്ടു. ലിവ്-ഇൻ ബന്ധങ്ങളെക്കുറിച്ചും സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുമുള്ള അവരുടെ മുൻ നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മുൻ വിവാദങ്ങൾ അടങ്ങി മാസങ്ങൾക്ക് ശേഷമാണ് പുതിയ ഉപദേശവുമായി യുപി ഗവർണർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഒരു പെൺസുഹൃത്ത് ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ലെന്നും എന്നാൽ അതിന് സാധിച്ചാൽ അവരെ വിവാഹം കഴിക്കാനും തയാറാകണമെന്ന് അവർ പറഞ്ഞു. പെൺകുട്ടിയെ അമ്മയാക്കിയ ശേഷം ഉപേക്ഷിക്കുന്നത് തെറ്റായ കാര്യമാണെന്നും അതിനാൽ യുവാക്കൾ ആദ്യം സ്വയംപര്യാപ്തരാകുകയാണ് വേണ്ടതെന്നും പട്ടേൽ വ്യക്തമാക്കി.

2025 ഒക്ടോബറിൽ ബല്ലിയയിലും വാരണാസിയിലും നടന്ന സർവകലാശാല ബിരുദദാന ചടങ്ങുകളിൽ സംസാരിക്കവെ, ലിവ്-ഇൻ ബന്ധങ്ങൾക്കെതിരെ ആനന്ദിബെൻ പട്ടേൽ യുവതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലിവ്-ഇൻ ബന്ധങ്ങളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ അനാഥാലയങ്ങൾ സന്ദർശിക്കണമെന്നാണ് ബല്ലിയയിൽ അവർ പറഞ്ഞത്. അവിടെ കുട്ടികളുമായി കഴിയുന്ന യുവതികളെ കാണാമെന്നായിരുന്നു ഗവർണറുടെ വാദം.

തൊട്ടടുത്ത ദിവസം വാരണാസിയിൽ നടന്ന ചടങ്ങിൽ, ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് സ്ത്രീകൾ വിട്ടുനിൽക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം ഭയാനകമായ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. സ്ത്രീകൾ ’50 കഷണങ്ങളാക്കപ്പെട്ട നിലയിൽ’ കാണപ്പെടുന്നുവെന്ന പരാമർശം അന്ന് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

തുടർന്ന് 2026 ജൂലൈയിൽ കാൺപുരിലെ സർവകലാശാല ചടങ്ങിൽ ആനന്ദിബെൻ നടത്തിയ പരാമർശവും വിവാദത്തിൽ കലാശിച്ചിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരോ അധ്യാപകരോ ആകുന്നതിന് മുൻപ് സ്ത്രീകൾ ‘വിദഗ്ദ്ധരായ അമ്മമാർ’ ആകാൻ ശ്രമിക്കണമെന്നായിരുന്നു അന്ന് അവർ പ്രസ്താവിച്ചത്. സ്ത്രീകൾ പാചകം പഠിക്കേണ്ടതിനെക്കുറിച്ചും ജോലി, കുടുംബ ഉത്തരവാദിത്വങ്ങൾ ഒരുമിച്ച് കൊണ്ടുപോകേണ്ടതിനെക്കുറിച്ചും അന്നവർ സംസാരിച്ചു.

ബന്ധങ്ങൾ, വിവാഹം, കുടുംബപരമായ ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള ആനന്ദിബെന്നിന്റെ നിലപാടുകൾ ഈ പുതിയ പരാമർശത്തോടെ വീണ്ടും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും മുൻനിർത്തിയാണ് താൻ സംസാരിക്കുന്നതെന്ന് അവർ വ്യക്തമാക്കാറുണ്ടെങ്കിലും, ലിംഗസമത്വത്തെക്കുറിച്ചും യുവതികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ സംവാദങ്ങൾക്കാണ് ഇത്തരം പ്രസ്താവനകൾ തുടക്കമിടുന്നത്.