Spotlight

‘മതതീവ്രവാദി, സ്ത്രീകളെ തൊടില്ല’: ഫ്ലൈ ദുബായ് അക്രമിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനമായ FZ1073-ൽ കോക്ക്പിറ്റിൽ വെച്ച് പൈലറ്റുമാർ തമ്മിൽ കയ്യാങ്കളിയുണ്ടാകുകയും, ക്യാപ്റ്റനും ഇന്ത്യൻ പൗരനുമായ സ്മിത് മച്ചാറിന് കുത്തേൽക്കുകയും ചെയ്തതിനെ തുടർന്ന് വിമാനം ഏകദേശം 18,000 അടി താഴേക്ക് പതിച്ചു. ഒമാൻ പൗരനായ കൊ-പൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചെങ്കിലും യാത്രാക്കാർ ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കി.

സംഭവത്തിൽ കൊ-പൈലറ്റ് നിലവിൽ കസ്റ്റഡിയിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. എന്നാൽ ഇയാളുടെ ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ചോദ്യം ചെയ്യൽ പുരോഗമിക്കുന്ന കൊ-പൈലറ്റ് തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടയാളാണെന്ന് നെതന്യാഹു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമിതമായി പ്രാർത്ഥിക്കാറുള്ള ഇയാൾ സ്ത്രീകളുമായി കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നുവെന്നും, തീവ്ര മതചിന്താഗതിയുള്ള ആളായിരുന്നുവെന്നും സഹപ്രവർത്തകർ വെളിപ്പെടുത്തി. എട്ട് മാസം മുമ്പാണ് ഇയാൾ കമ്പനിയിൽ ജോലിക്കെത്തിയത്.

ഇസ്രായേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളിലെ പൈലറ്റുമാർക്ക് മാത്രമേ അവിടെ വിമാനം ഇറക്കാൻ അനുമതിയുള്ളൂ എന്നതിനാൽ, ഇസ്രായേലുമായി ഔദ്യോഗിക ബന്ധമില്ലാത്ത ഒമാനിൽ നിന്നുള്ള പൈലറ്റ് എങ്ങനെ ഈ വിമാനം പറത്തി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎഇ വ്യോമയാന കരാർ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഇസ്രായേൽ ഗതാഗത മന്ത്രി ഉത്തരവിട്ടു. അതേസമയം, കൊ-പൈലറ്റിന് ഇരട്ട പൗരത്വം ഉള്ളതുകൊണ്ടാകാം യാത്രയ്ക്ക് അനുമതി ലഭിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

34,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് കോക്ക്പിറ്റിൽ വെച്ച് ഏറ്റുമുട്ടലുണ്ടായതും വിമാനം കുത്തനെ താഴേക്ക് പതിച്ചതും. ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ തന്റെ അവസാന നിമിഷങ്ങളിലെ പരിശ്രമത്താൽ കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതോടെയാണ് യാത്രക്കാർക്കും ജീവനക്കാർക്കും അകത്തുകയറി കൊ-പൈലറ്റിനെ കീഴടക്കാൻ സാധിച്ചത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ തബൂക്കിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പരിക്കേറ്റ ക്യാപ്റ്റനെയും ആക്രമണം നടത്തിയ കൊ-പൈലറ്റിനെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.