രാജസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ പ്രവർത്തന സമയത്ത് ഓഫീസിനുള്ളിൽ പ്രിൻസിപ്പൽ സുഖമായി കിടന്നുറങ്ങുന്നു. കരൗലി ജില്ലയിലെ ഭണ്ഡാരി അന്ദ്രൂണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ സംഭവം നടന്നത്. സ്കൂളിലെ പ്രിൻസിപ്പലായ ഡയോഡിറാം മീനയാണ് ജോലി സമയത്ത് മുറിയിൽ കിടന്നുറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഈ വിഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ വൈറലായതോടെ സ്കൂൾ അധികൃതരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വീഴ്ചയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്.
രാജ്യത്തുടനീളം സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജസ്ഥാനിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. എന്നാൽ ഈ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പോ സ്കൂൾ അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളോ അന്വേഷണമോ നടത്താൻ തയ്യാറായിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
അതിനിടെ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മറ്റൊരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം വയ്ക്കുന്ന വലിയ പാത്രങ്ങൾ വിദ്യാർഥികളെക്കൊണ്ട് ചുമപ്പിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ നടത്തിപ്പിനെയും വിദ്യാഭ്യാസ ഗുണനിലവാരത്തെയും കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.




