ന്യൂസിലൻഡിനെതിരെയുള്ള ടി20 മത്സരത്തിൽ 226 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ചരിത്ര വിജയം നേടിയ ശേഷം, ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അഭിഷേക് ശർമ്മയുമായുള്ള തങ്ങളുടെ മികച്ച തുടക്കത്തിന് പിന്നിൽ വലിയ പ്ലാനുകളൊന്നുമില്ലെന്നും പന്ത് കണ്ട് ശക്തമായി അടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഞ്ജു പറഞ്ഞു.
33 പന്തിൽ നിന്ന് 4 ഫോറുകളും 4 സിക്സറുകളും അടക്കം 67 റൺസ് നേടിയ സഞ്ജു കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. അഭിഷേകിനൊപ്പം (12 പന്തിൽ 29) ചേർന്ന് ആദ്യ വിക്കറ്റിൽ ഇവർ 93 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഇരുവരും പുറത്തായ ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ 42 റൺസും നമൻ ധീറിന്റെ പുറത്താകാതെയുള്ള 42 റൺസും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
“കളിക്കിടെ ഞങ്ങൾ തമ്മിൽ ധാരാളം സംസാരിക്കാറുണ്ടെങ്കിലും അതിലൊന്നും കാര്യമായ പ്ലാനുകളൊന്നുമില്ല. പന്ത് നോക്കി ശക്തമായി അടിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. അഭിഷേകിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു,” മാച്ച് പ്രസന്റേഷൻ ചടങ്ങിനിടയിൽ സഞ്ജു പറഞ്ഞു. ‘‘ഞങ്ങൾ മികച്ച തുടക്കം നേടിയപ്പോൾ കളി നേരത്തെ തന്നെ അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതി . രണ്ടാം പകുതിയിൽ പന്ത് നന്നായി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. പിച്ചിന്റെ സ്വഭാവം ബാറ്റിംഗിന് വളരെ അനുകൂലമായിരുന്നു. പവർപ്ലേയിൽ പോസിറ്റീവ് ആയി കളിക്കാനാണ് ഞാനും അഭിഷേകും ആഗ്രഹിച്ചത്. മികച്ച തുടക്കം ലഭിച്ചതോടെ നന്നായിതന്നെ മത്സരം തീർക്കാമെന്ന് ഞങ്ങൾ കരുതി. ആദ്യ 6 ഓവറിൽ 90-ലധികം റൺസ് നേടാനായത് മികച്ച തുടക്കമായിരുന്നു.”
ഒൻപതാം ഓവറിൽ സഞ്ജു പുറത്തായത് ചെറിയ തകർച്ചയ്ക്ക് കാരണമായെങ്കിലും ഹാഗ്ലി ഓവലിലെ ഈ വിജയം ടീമിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ജയിച്ചുകയറുമ്പോൾ ലഭിക്കുന്ന സന്തോഷം വലുതാണ്. ടീമിലെ എല്ലാവരുടെയും മികച്ച സംഭാവനയാണ് ഈ വിജയത്തിന് കാരണം. പരമ്പര വിജയത്തോടെ നല്ല രീതിയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” സഞ്ജു കൂട്ടിച്ചേർത്തു. വിക്കറ്റ് കീപ്പിംഗ് പിച്ചിന്റെ സ്വഭാവം മുൻകൂട്ടി മനസ്സിലാക്കാൻ സഹായിച്ചെന്നും എന്നാൽ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ സാഹചര്യങ്ങൾ പൂർണ്ണമായും മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “വിക്കറ്റ് കീപ്പ് ചെയ്യുമ്പോൾ തന്നെ ബാറ്റിംഗിനെക്കുറിച്ച് നമ്മൾ ചിന്തിക്കാറുണ്ട്. ആദ്യ പകുതിയിൽ പന്ത് ലെങ്ത് ഏരിയയിൽ നിന്ന് അല്പം പതുക്കെയാണ് വന്നതെങ്കിൽ, രണ്ടാം പകുതിയിൽ ഔട്ട്ഫീൽഡിലെ മഞ്ഞുവീഴ്ച കാരണം ബാറ്റിംഗ് വളരെ എളുപ്പമായി മാറി. ഞാൻ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു.”
അതേസമയം, ഇന്ത്യൻ ഓപ്പണർമാർക്ക് പ്രത്യേക ഉപദേശങ്ങളുടെ ആവശ്യമില്ലെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി. 220 റൺസ് പിന്തുടരുമ്പോൾ ആദ്യ ആറ് ഓവറിൽ തന്നെ 85 റൺസ് നേടുന്നത് മികച്ചൊരു തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മത്സരം കൃത്യമായി കൈകാര്യം ചെയ്യാനുള്ള അനുഭവസമ്പത്ത് ഓപ്പണർമാർക്കുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലെന്നും ശ്രേയസ് ചൂണ്ടിക്കാട്ടി. ചിലപ്പോൾ ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെന്ന് വരാം, എങ്കിലും ഓപ്പണർമാർ ഫോമിലായാൽ മത്സരം അവർ തനിയെ സ്വന്തമാക്കുമെന്നും പിന്നീട് വരുന്നവർക്ക് കളി മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഇതേ വേദിയിൽ നടക്കും.




