Crime

16കാരിക്ക് പീഡനം: അനുരൂപിന്റെ ജോലി തെറിക്കും; വനിതാസുഹൃത്ത് ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കോവളത്ത്‌ ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ സ്പാ കേന്ദ്രത്തിൽ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കോർപ്പറേഷൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും. നിലവിൽ സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ശക്തമാക്കുകയാണ്.

കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ആന്ധ്രയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും കുട്ടി പഠിച്ചിരുന്ന സ്കൂളിൽ നിന്നും മൊഴിയെടുക്കും. ഇതോടൊപ്പം മറ്റൊരു തദ്ദേശസ്ഥാപനത്തിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിന്റെ വനിതാ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

പല സ്പാകളുമായി അനുരൂപിന് അടുത്ത ബന്ധമുണ്ടെന്നും നിരവധി പെൺകുട്ടികളെ ഇയാൾ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നുമാണ് പോലീസിന് ലഭിച്ച സൂചന. ഇടപാടുകാരിൽ നിന്ന് വാങ്ങുന്ന വലിയ തുകയുടെ ചെറിയൊരു പങ്ക് മാത്രമാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. തമിഴ്നാട്ടിലും പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് അവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തമിഴ്നാട് പോലീസ് കേരള പോലീസിന്റെ സഹായം തേടി.

അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് പെൺവാണിഭ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാൾ മുൻപും ലൈംഗിക ചൂഷണത്തിനായി പെൺകുട്ടികളെ എത്തിച്ചിട്ടുണ്ടെന്നും ഇതിൽ പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ സ്പാ കേന്ദ്രങ്ങളിലെ വനിതാ ജീവനക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ കേരളത്തിൽ എത്തിച്ചിരുന്ന ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പോലീസ് വലവിരിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ മരണശേഷം രണ്ട് വയസ്സ് മുതൽ മാതൃസഹോദരിയുടെ സംരക്ഷണയിൽ വളർന്ന 16 വയസ്സുകാരിയാണ് ഇവിടെ ക്രൂരമായ പീഡനത്തിന് ഇരയായത്. ഇളയമ്മയും ഭർത്താവും ചേർന്ന് പണം വാങ്ങി കുട്ടിയെ വിൽക്കുകയായിരുന്നു. പിന്നീട് കോവളത്തുനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ വീണ്ടും വിൽക്കാൻ ശ്രമിച്ചെങ്കിലും ഒരു സ്പാ ജീവനക്കാരൻ കുട്ടിയെ രക്ഷപ്പെടുത്തി. പെൺകുട്ടി രക്ഷപ്പെട്ടാൽ തങ്ങളുടെ വരുമാനം നിലയ്ക്കുമെന്ന് ഭയന്ന പ്രതികൾ കുട്ടിയെ കണ്ടെത്തി സംസ്ഥാനത്തിന് പുറത്ത് വിൽക്കാനായി പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാർ ഡാമിന് സമീപത്തുനിന്നാണ് പോലീസിന് കുട്ടിയെ ലഭിക്കുന്നത്.

പെൺകുട്ടിയെ കണ്ടെത്തിയതോടെ പോലീസിനുണ്ടായ സംശയമാണ് ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിച്ചത്. പ്രതികൾ ഹാജരാക്കിയ ആധാറിൽ 22 വയസ്സാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂ എന്ന് വ്യക്തമായി. ആന്ധ്രയിൽ നിന്ന് കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പ്രതികളുടെ പദ്ധതി പാളുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് അതിക്രൂരമായ ലൈംഗിക ചൂഷണത്തെക്കുറിച്ചും ഇതിന് പിന്നിലെ പെൺവാണിഭ സംഘത്തെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ സോണൽ ഓഫീസിലെ ആക്കുളം വാർഡിന്റെ ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടറാണ് അനുരൂപ്.