Crime

സിനഗോഗിന് തീയിട്ട കേസ്: പ്രതി എബിന്‍ പോളിന്റെ ‘ബോസ്’ ലോറൻസ് ബിഷ്‌ണോയ്? ടെലഗ്രാം ഗ്രൂപ്പ് വഴി ആസൂത്രണം, ക്രിപ്‌റ്റോ കറൻസി പ്രതിഫലം

കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിന് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ളതായി സംശയം. ബിഷ്‌ണോയി ഗ്രൂപ്പിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിലെ അംഗമാണ് എബിൻ. ഈ ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് സിനഗോഗിന് മുന്നിൽ തീയിട്ടത്. ബോസ് ആരാണെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇയാൾക്ക് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഞായറാഴ്ച എബിനെ തെളിവെടുപ്പിനായി സംഭവസ്ഥലങ്ങളിലെത്തിച്ചിരുന്നു. ജൂതപ്പള്ളി പരിസരം, ലൈറ്ററും പടക്കവും വാങ്ങിയ തൃപ്പൂണിത്തുറയിലെ കട, പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ പമ്പ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. പ്രധാനമായും സിനഗോഗിന് മുന്നിലെ ഹോർട്ടിക്കൾച്ചർ നഴ്‌സറി കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടന്നത്.

വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സിനഗോഗിന് മുന്നിലെ ബാനറുകളും ഫ്‌ലക്‌സുകളും തീയിട്ടത് എങ്ങനെയെന്ന് എബിൻ പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പെട്രോളും ലൈറ്ററും വാങ്ങിയ കടകൾ തൃപ്പൂണിത്തുറയിലും പുത്തൻകുരിശിലുമെത്തിച്ച് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു.

അതിനിടെ, പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിക്കാൻ സമയമെടുക്കും. എബിന്റെ ടെലഗ്രാം ചാറ്റുകളെക്കുറിച്ചുള്ള വിവര ശേഖരണത്തിനായി പോലീസ് ടെലഗ്രാമിന് കത്തയച്ചിട്ടുണ്ട്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതിന് 5,000 രൂപയും സിനഗോഗ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയും പ്രതി കൈപ്പറ്റിയതായി മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. എൻ.ഐ.എ., ഐ.ബി. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ‘ബോസി’ന്റെ നിർദേശപ്രകാരമാണ് അക്രമം നടത്തിയത് എന്ന് പറയുമ്പോഴും ആ വ്യക്തിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.