ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ഡേറ്റിങ് ആപ്പുകൾ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം കോടികളുടെ തട്ടിപ്പ് നടത്തിയ യുവതിക്കെതിരെ പോലീസ് അന്വേഷണം . പല്ലവി സിങ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് ബ്ലാക്ക് മെയിലിങ് വിവരങ്ങൾ പുറത്തുവന്നത്.
ടിൻഡർ (Tinder) ഉൾപ്പെടെയുള്ള ഡേറ്റിംഗ് ആപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, അവരുടെ രഹസ്യ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് യുവതിക്കെതിരെ ആരോപണം.
സോഷ്യൽ മീഡിയയിലൂടെയും ഡേറ്റിംഗ് ആപ്പുകളിലൂടെയും പുരുഷന്മാരുമായി ആദ്യം സൗഹൃദം സ്ഥാപിക്കുന്ന യുവതി, പിന്നീട് ഇവരുമായി കൂടുതൽ അടുപ്പത്തിലാകുകയും നേരിട്ട് കാണുമ്പോൾ രഹസ്യമായി ചിത്രങ്ങളും വീഡിയോകളും പകരർത്തുകയുമായിരുന്നു. തുടർന്ന് ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഏകദേശം 6 കോടിയിലധികം രൂപ ഇത്തരത്തിൽ ഇരകളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം.
ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ബലാത്സംഗം, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് കേസിൽ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. യുവതി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് പേർ ഇതിനോടകം ജയിലിലായിട്ടുണ്ടെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. കേസുകളിൽ പെടുത്തുമെന്ന ഭയവും നാണക്കേടും മൂലമാണ് പലരും പണം നൽകാൻ നിർബന്ധിതരായത്.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബെഡിൽ കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ അടുക്കിവെച്ചിരിക്കുന്നതിന്റെയും, യുവതി ആയുധം കൈയിൽ വെച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങളുടെ സത്യാവസ്ഥയും ഉറവിടവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. “സ്വീറ്റി തിവാരി” എന്ന പേരിലടക്കം വ്യാജ സോഷ്യൽ മീഡിയ ഐഡികൾ ഉപയോഗിച്ചാണ് യുവതി ആളുകളുമായി ബന്ധപ്പെട്ടിരുന്നത്. പല്ലവി സിംഗ് രാജ്പുതിനെക്കൂടാതെ മറ്റ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഈ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.




