താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച കാമുകി നിർമ്മിതബുദ്ധി (AI) വഴി സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമാണെന്നറിയാതെ, തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് 1,200 മൈലിലധികം (1931 കി.മീ) യാത്ര ചെയ്ത 49-കാരനായ ബ്രസീലിയൻ സ്വദേശി വഞ്ചിക്കപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബ്രസീലിലെ മാരൻഹാവോ സംസ്ഥാനത്തിലെ കെട്ടിട നിർമ്മാണ തൊഴിലാളിയായ എഡിമാർ മാർട്ടിൻസ് ആണ് ഈ ഇര . 2020-ൽ സോഷ്യൽ മീഡിയയിലാണ് ജെസിക്ക ഒലിവേര അഥവാ ജെസിക്ക ഫസെൻഡെയ്റ എന്ന പേരുള്ള ഒരു സ്ത്രീയുടെ പ്രൊഫൈൽ ഇയാൾ കാണുന്നത്.
മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ പ്രൊഫൈലിൽ ഒരു ഗ്രാമീണ ഫാമിൽ ജീവിക്കുന്ന സ്ത്രീയുടെ വീഡിയോകളാണ് പങ്കുവെച്ചിരുന്നത്. പുരുഷന്മാരെ തന്നോടൊപ്പം താമസിക്കാൻ ക്ഷണിക്കുകയും അവർക്ക് വീടും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതായിരുന്നു വീഡിയോകൾ. അമ്മയുടെ മരണശേഷം ഒറ്റപ്പെടൽ അനുഭവിച്ചിരുന്ന മാർട്ടിൻസ്, ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ സ്ത്രീ തന്നെയ സഹായിക്കുമെന്ന് വിശ്വസിച്ചു. ഇയാൾക്ക് സാമ്പത്തിക സഹായവും ഫാമിൽ താമസിക്കാൻ ഇടവും നൽകാമെന്ന് വീഡിയോയിലൂടെ വാഗ്ദാനം നൽകിയിരുന്നു.
തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന വിശ്വാസത്തിൽ ഒക്ടോബർ 9-ന് ഇയാൾ തന്റെ സാധനങ്ങളെല്ലാം വിറ്റ് കിട്ടിയ പണവുമായി മിനാസ് ഗെറൈസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലേക്ക് പുറപ്പെട്ടു. ഒരു ദിവസത്തിലധികം ബസ് യാത്ര ചെയ്ത് ഒക്ടോബർ 11-ന് ഇയാൾ നഗരത്തിലെത്തി.
എന്നാൽ നഗരത്തിലെത്തിയ ഇയാളുടെ പ്രതീക്ഷകൾ തകർന്നു തരിപ്പണമായി. കയ്യിലുണ്ടായിരുന്ന ചിത്രങ്ങൾ കാട്ടി ആളുകളോട് ചോദിച്ചെങ്കിലും ആർക്കും ആ സ്ത്രീയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനെ സമീപിച്ചപ്പോഴാണ് ആ സ്ത്രീ യഥാർത്ഥത്തിൽ നിലവിലില്ലെന്നും പ്രൊഫൈൽ വ്യാജമാണെന്നും ഇയാൾ അറിയുന്നത്. താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച സ്ത്രീ പൂർണ്ണമായും ഒരു എഐ നിർമ്മിത കഥാപാത്രമാണെന്ന് തിരിച്ചറിഞ്ഞ മാർട്ടിൻസ് മാനസികമായി തകർന്നു.
“ഇത് സങ്കടവും നിരാശയും വിഷാദവും മാത്രമാണ് നൽകുന്നത്. ഒരു ബന്ധം ആഗ്രഹിച്ചാണ് ഞാൻ ഇത്രയും ദൂരം വന്നത്,” ഇയാൾ പറഞ്ഞു.
സംഭവം വാർത്തയായതോടെ, പ്രൊഫൈലിന് പിന്നിലുള്ള വ്യക്തി ആ കഥാപാത്രം എഐ വഴി ഉണ്ടാക്കിയതാണെന്ന് സമ്മതിക്കുകയും മാർട്ടിൻസുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. “ഞാൻ പൂർണ്ണമായും നിർമ്മിതബുദ്ധി (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന ലളിതമായ സത്യം പറയാനാണ് ഞാൻ വന്നത്. ഞാൻ ഈ പ്രൊഫൈലിലൂടെ ആരുമായും സംസാരിച്ചിട്ടില്ല. കൂടുതൽ ആളുകളെ ആകർഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഞാൻ ആരെയും ബെലോ ഹൊറിസോണ്ടെയിലേക്ക് ക്ഷണിച്ചിട്ടില്ല. നടക്കുന്ന കാര്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെടുകയാണ്,” എഐ കഥാപാത്രത്തിന്റെ പേരിൽ വന്ന പ്രസ്താവനയിൽ പറയുന്നു.
കയ്യിലുള്ള പണമെല്ലാം യാത്രയ്ക്കായി ചെലവായതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ മാർട്ടിൻസിന് നഗരസഭാ അധികൃതർ സഹായവുമായെത്തി. സാമൂഹിക പ്രവർത്തകർ ഇയാൾക്ക് ഭക്ഷണവും കുളിക്കാനുള്ള സൗകര്യവും നാട്ടിലേക്ക് മടങ്ങാനുള്ള ബസ് ടിക്കറ്റും നൽകി.
എന്നാൽ ഈ കടുത്ത നിരാശയിലും ഒരു പങ്കാളിയെ കണ്ടെത്താനുള്ള ആഗ്രഹം മാർട്ടിൻസ് ഉപേക്ഷിച്ചിട്ടില്ല. നിലവിൽ ഒരു ബന്ധുവിനൊപ്പം താമസിക്കുന്ന ഇയാൾ, ഭാവിയിൽ വീണ്ടും ബെലോ ഹൊറിസോണ്ടെയിലേക്ക് മടങ്ങാനും അവിടെവെച്ച് ഒരു പങ്കാളിയെ കണ്ടെത്താനും ആഗ്രഹിക്കുന്നു. “എനിക്ക് അവളെ കണ്ടെത്താനായില്ല, എന്നാൽ അവിടെവെച്ചുതന്നെ എനിക്ക് മറ്റൊരാളെ ലഭിക്കുമെന്ന ഉറപ്പുണ്ട്. ഞാൻ വീണ്ടും അങ്ങോട്ട് പോകും,” മാർട്ടിൻസ് പറഞ്ഞു. എഐ പ്രൊഫൈലിൽ വഞ്ചിക്കപ്പെട്ട് ബെലോ ഹൊറിസോണ്ടെയിലേക്ക് യാത്ര ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് മാർട്ടിൻസ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.




