അടുത്ത ആഴ്ചയിലെ പണിമുടക്കും പൊതു അവധികളും കാരണം രാജ്യത്ത് തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാകില്ല. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സ് (യുഎഫ്ബിയു) പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ സമരം ബാങ്കിംഗ് പ്രവർത്തനങ്ങളെ ബാധിക്കും. ഇത മുന്നിൽ കണ്ട് ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ വരും ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 28 മുതൽ 30 വരെയാണ് ബാങ്ക് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് തൊട്ടുമുമ്പുള്ള സെപ്റ്റംബർ 26-ലെ നാലാം ശനിയാഴ്ചയും 27-ലെ ഞായറാഴ്ചയും ചേരുമ്പോഴാണ് ബാങ്കുകൾക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി വരുന്നത്. അതിനാൽ സെപ്റ്റംബർ 25-നായിരിക്കും നേരിട്ടുള്ള ബാങ്ക് സേവനങ്ങൾ ഈ ആഴ്ച അവസാനമായി ലഭിക്കുക. എന്നാൽ ബാങ്കുകൾ അടഞ്ഞുകിടന്നാലും എടിഎം, ഡിജിറ്റൽ സംവിധാനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
അത്യാവശ്യ ബാങ്കിംഗ് കാര്യങ്ങൾ സമരത്തിന് മുൻപ് തന്നെ ചെയ്തുതീർക്കാൻ ശ്രദ്ധിക്കണമെന്ന് എസ്ബിഐ ഓർമ്മിപ്പിക്കുന്നു. പണമിടപാടുകൾക്കായി എടിഎമ്മുകളും കസ്റ്റമർ സർവീസ് പോയിന്റുകളും ഉപയോഗിക്കാവുന്നതാണ്. കൂടാതെ യോനോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുക എന്നതടക്കം നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎഫ്ബിയു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11-ന് നടത്തിയ സൂചന പണിമുടക്കിന്റെ തുടർച്ചയായാണ് സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള സമരം. ഇത് കൂടാതെ, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എല്ലാ ശനിയാഴ്ചകളും അവധിയാക്കാമെന്ന് 2024 മാർച്ചിൽ ഒപ്പുവെച്ച കരാറിൽ ബാങ്ക് മാനേജ്മെന്റുകൾ സമ്മതിച്ചിരുന്നതായി യുഎഫ്ബിയു വ്യക്തമാക്കുന്നു. ഇതിന് പകരമായി തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രവൃത്തി സമയം 40 മിനിറ്റ് വർദ്ധിപ്പിക്കാൻ യൂണിയനുകളും തയ്യാറായിരുന്നു. ഈ കരാർ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്.




