Spotlight

മതംമാറി മുസ്‍ലിം ആയവര്‍ക്ക് പിന്നാക്കസമുദായ ആനുകൂല്യത്തിന് അര്‍ഹതയില്ല: ചരിത്രവിധിയുമായി സുപ്രീംകോടതി

മതംമാറി മുസ്‍ലിം ആയവർക്ക് പിന്നാക്ക സമുദായങ്ങൾക്കുള്ള ഒരു ആനുകൂല്യത്തിനും അർഹതയില്ലെന്ന് സുപ്രീംകോടതി . മതം മാറുന്നതിന് മുൻപ് ഹിന്ദു പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളായിരുന്നു എന്നത് മതംമാറ്റത്തിനു ശേഷവും ആനുകൂല്യങ്ങൾ ആവശ്യപ്പെടാനുള്ള യോഗ്യതയല്ലെന്ന് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരുൾപ്പെട്ട ബഞ്ച് വിധിച്ചു. മദ്രാസ് ഹൈക്കോടതിയുടെ സമാന വിധിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്.

ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർ ഒഴികെ മറ്റാരെയും പട്ടികജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നുണ്ടാകുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്. എന്നാൽ മതംമാറ്റത്തോടെ സംവരണം ഉൾപ്പെടെയുള്ള ഈ ആനുകൂല്യങ്ങൾക്കുള്ള അർഹത ഇല്ലാതാകും. പരിവർത്തിത മുസ്‍ലിംകൾക്ക് സംവരണം നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഈ പരാമർശങ്ങൾ.

ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട ഒരു സാഹചര്യവും നിയമത്തിലോ ഭരണഘടനയിലോ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു വ്യക്തി ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റേതെങ്കിലും അഹിന്ദു മതത്തിലേക്ക് മാറിയശേഷം, മുൻപ് ഒരു പ്രത്യേക ഹിന്ദു സാമൂഹിക വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു എന്ന കാരണം കൊണ്ടുമാത്രം ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരമുള്ള ആനുകൂല്യങ്ങൾ അവകാശപ്പെടാനോ നൽകാനോ കഴിയില്ലെന്ന് വിധിയിൽ പറയുന്നു. മുൻപത്തെ സാമൂഹിക പശ്ചാത്തലത്തിൽ അനുഭവിച്ച പിന്നാക്കാവസ്ഥയുടെ പേരിൽ, ഒരാൾ സ്വീകരിച്ച പുതിയ മതത്തിൽ അയാൾക്ക് പിന്നാക്ക പദവി നൽകാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.