Crime

ചോരയൊലിപ്പിച്ച് മുറിഞ്ഞ കഴുത്തുമായി വിസ്മയ ഓടിയത് 200 മീറ്റര്‍, അമ്മയും സഹോദരനും പിന്നാലെ, ഈ സമയത്ത് കുഞ്ഞിനെ കൊന്ന് വിജേഷ്

തൃശൂർ വലപ്പാട് ബീച്ചിൽ ഇന്ന് പുലർച്ചെയോടെ നടന്ന ദാരുണമായ ഇരട്ടക്കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുപത്തിനാലുകാരിയായ ഭാര്യ വിസ്മയയെയും നാലര വയസുകാരനായ മകൻ ദക്ഷിനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിജേഷ് (44) ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ ഒന്നരയോടെയാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. തൃശൂരിൽ ലോറി ഡ്രൈവറായ വിജേഷ് സാധാരണ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വിസ്മയയുടെ വലപ്പാട്ടുള്ള വീട്ടിൽ എത്താറുള്ളത്. ചില ചെറിയ അഭിപ്രായവ്യത്യാസങ്ങൾ അല്ലാതെ ദമ്പതികൾക്കിടയിൽ മറ്റ് വലിയ തർക്കങ്ങളൊന്നും ഉള്ളതായി അയൽക്കാർക്കോ ബന്ധുക്കൾക്കോ അറിവുണ്ടായിരുന്നില്ല.

ഇന്നലെ രാത്രി വീട്ടിലെത്തിയ വിജേഷ് ഭാര്യയ്ക്കും മകനുമൊപ്പം മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. തൊട്ടടുത്ത മുറിയിലാണ് വിസ്മയയുടെ അമ്മയും സഹോദരനും കിടന്നിരുന്നത്. പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ നിലവിളി കേട്ട് ഉണർന്ന സഹോദരൻ മുറിയുടെ വാതിൽ ബലമായി തള്ളിത്തുറക്കുകയായിരുന്നു.

വാതിൽ തുറന്ന ഉടൻ കഴുത്തിൽ നിന്ന് ചോരയൊഴുകുന്ന നിലയിൽ വിസ്മയ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. വീടിന്റെ വരാന്ത മുതൽ റോഡിലൂടെ ഏകദേശം ഇരുനൂറ് മീറ്ററോളം വിസ്മയ ചോര വാർന്ന നിലയിൽ ഓടിയതായി നാട്ടുകാർ പറയുന്നു. മകളെ രക്ഷിക്കാനായി അമ്മയും സഹോദരനും പിന്നാലെ ഓടുകയായിരുന്നു.

ഈ സമയം മുറിയിൽ കുട്ടി തനിച്ചുള്ള കാര്യം അവർ ഓർത്തിരുന്നില്ല. ഇതിനിടയിൽ വിജേഷ് മകന്റെയും കഴുത്തറുത്തു. തുടർന്ന് ഇയാൾ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിസ്മയയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിക ബീച്ച് സ്വദേശിയായ വിജേഷിനെക്കുറിച്ച് നാട്ടുകാർക്കും കൂടുതൽ വിവരങ്ങൾ അറിയില്ല. കുടുംബ വഴക്കാണ് ഈ ക്രൂരമായ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.