Travel

വെറും 69 രൂപയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിലെ ഓളങ്ങളെ തൊട്ടുള്ളൊരു ട്രെയിൻ യാത്ര! മനോഹര കടൽക്കാഴ്ചകൾ! – വീഡിയോ

യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകത ചിലപ്പോൾ ഏറ്റവും ലളിതമായ യാത്രകളിൽ നിന്നായിരിക്കും ഏറ്റവും മനോഹരമായ കാഴ്ചകൾ ലഭിക്കുന്നത് എന്നതാണ്. ശ്രീലങ്കയിലൂടെയുള്ള മനോഹരമായ ഒരു ട്രെയിൻ യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജയന്ത് ശർമ്മ എന്ന ട്രാവൽ കണ്ടന്റ് ക്രിയേറ്റർ. കൊളംബോ ഫോർട്ടിൽ നിന്ന് ഗാല്ലെയിലേക്കുള്ള അദ്ദേഹത്തിന്റെ ട്രെയിൻ യാത്രയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കടലോരത്തുകൂടിയുള്ള അതിമനോഹരമായ കാഴ്ചകളും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദൃശ്യങ്ങളുമാണ് വീഡിയോയിലുള്ളത്. വളരെ കുറഞ്ഞ ചിലവിൽ ഇത്രയും മനോഹരമായ യാത്ര ആസ്വദിക്കാൻ സാധിച്ചതാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്.

കൊളംബോയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മൗണ്ട് ലാവീനിയ, കലുത്തറ, ഹിക്കഡുവ, ഗാല്ലെ വഴി മാത്തറയിലാണ് അവസാനിക്കുന്നത്. കൊളംബോയിൽ നിന്ന് ഗാല്ലെയിലെത്താൻ രണ്ടോ മൂന്നോ മണിക്കൂർ സമയമെടുക്കും. യാത്രയുടെ ടിക്കറ്റ് നിരക്കാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. മൂന്നാം ക്ലാസ് ടിക്കറ്റിന് വെറും 240 ശ്രീലങ്കൻ രൂപയും (ഏകദേശം 69 ഇന്ത്യൻ രൂപ) രണ്ടാം ക്ലാസ് ടിക്കറ്റിന് 500 ശ്രീലങ്കൻ രൂപയുമാണ് (ഏകദേശം 144 ഇന്ത്യൻ രൂപ) വിലവരുന്നത്. കൊളംബോയിൽ നിന്ന് തെക്കോട്ട് യാത്ര ചെയ്യുമ്പോൾ വലതുവശത്തുള്ള സീറ്റിലിരുന്നാൽ മനോഹരമായ കടൽക്കാഴ്ചകൾ കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

യാത്ര ചെയ്യുന്ന ദിവസം തന്നെ സ്റ്റേഷനിൽ നിന്ന് അൺറിസേർവ്ഡ് ടിക്കറ്റുകൾ വാങ്ങണമെന്നും, ജനൽക്കരയിലുള്ള സീറ്റ് ലഭിക്കുന്നതിനായി നേരത്തെ തന്നെ ട്രെയിനിൽ കയറണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. കൂടാതെ ട്രെയിൻ സമയവിവരങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്നും മിറിസ്സയിലേക്ക് പോകുന്നവർ വെലിഗാമയിലോ മാത്തറയിലോ ഇറങ്ങി ലോക്കൽ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.