Sports

രോഹിത് വീണ്ടും ക്യാപ്റ്റനാകുമോ? ഹാർദിക് പുറത്തേക്ക്; സൂര്യയ്ക്കും തിലക് വര്‍മ്മയ്ക്കും സാദ്ധ്യത, മുംബൈ ഇന്ത്യൻസിൽ വൻ മാറ്റങ്ങൾ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ക്യാപ്റ്റനായി ഇതിഹാസ താരം രോഹിത് ശർമ തിരിച്ചെത്തുമോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് കൈമാറാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് രോഹിത് ശർമ വീണ്ടും ക്യാപ്റ്റനായേക്കുമെന്ന റിപ്പോർട്ടുകൾ ശക്തിപ്പെട്ടത്. ഹാർദിക് പാണ്ഡ്യയെ മറ്റൊരു ടീമിന് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും താരത്തിന്റെ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, രോഹിത് വീണ്ടും മുംബൈയെ നയിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ടീം മാനേജ്മെന്റ് തന്നെ രംഗത്തെത്തി.

രോഹിതിനെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഹാർദിക് പാണ്ഡ്യ ടീം വിടുകയാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ ഒന്നിലധികം മികച്ച കളിക്കാർ മുംബൈ നിരയിലുണ്ട്. ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർക്കാണ് അടുത്ത സീസണിൽ മുംബൈയെ നയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്. എങ്കിലും പിന്നീട് ക്യാപ്റ്റൻസിയും ദേശീയ ടീമിലെ സ്ഥാനവും നഷ്ടമായ സൂര്യകുമാറിനെ മുംബൈ നായകനാക്കുമോ എന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

ഇന്ത്യൻ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനും മുംബൈയുടെ പ്രധാന താരവുമായ തിലക് വർമയ്ക്കാണ് നായകസ്ഥാനത്തേക്ക് ശക്തമായ സാധ്യതയുള്ളത്. അഞ്ച് തവണ മുംബൈയെ ഐപിഎൽ ചാമ്പ്യന്മാരാക്കിയ രോഹിത് ശർമ 2024-ലാണ് ഹാർദിക് പാണ്ഡ്യയ്ക്കായി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. എന്നാൽ ഈ മാറ്റം ടീമിന് പ്രതീക്ഷിച്ച വിജയം നൽകിയില്ല. ഹാർദിക്കിന്റെ കീഴിൽ 2024-ൽ അവസാന സ്ഥാനക്കാരായ മുംബൈ, 2025-ൽ ക്വാളിഫയർ കളിച്ചെങ്കിലും കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.