Crime Featured

കൂടത്തിൽ കുടുംബത്തിലെ 7 മരണങ്ങൾ; 100 കോടിയുടെ സ്വത്ത് തട്ടാൻ കൊലപാതകം; കാര്യസ്ഥൻ അറസ്റ്റിൽ! കൂടത്തായിക്ക് സമാനം

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. 2017 ഏപ്രില്‍ 2-ന് ജയമാധവന്‍ കൊല്ലപ്പെട്ട കേസില്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021-ല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരൻ കൂടിയായ രവീന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തത്.

സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന്‍ നായരെ ഇന്നു കോടതിയില്‍ ഹാജരാക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ പൊടിതട്ടിയെടുത്ത് വീണ്ടും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് അന്വേഷണസംഘം അറസ്റ്റിലേക്കു കടന്നത്. ജയമാധവന്‍ സ്വത്തുക്കള്‍ രവീന്ദ്രന്‍ നായര്‍ക്കു നല്‍കിയതായി ഒരു വില്‍പത്രം തയാറാക്കിയിരുന്നു. ഇതിനുശേഷം ജയമാധവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ വില്‍പത്രം റദ്ദാകുമോ എന്ന ആശങ്കയിലാണ് ഇയാളെ വധിക്കാൻ പ്രതി തീരുമാനിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് ഈ കുടുംബത്തിനുണ്ടായിരുന്നത്. ജയമാധവന്‍ നായര്‍ മരിച്ച അന്നുതന്നെ അസ്വാഭാവിക മരണത്തിനു കരമന പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല.

എന്നാൽ, ഇദ്ദേഹത്തിന്റെ 100 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ മരണശേഷം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും അകന്ന ചില ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ സംശയം വർധിച്ചു. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ അനില്‍കുമാറും വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്. കാര്യസ്ഥനടക്കമുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. ജയമാധവന്റെ സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും അന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല.

2017 ഏപ്രില്‍ 2-നാണ് അവിവാഹിതനായ ജയമാധവന്‍ നായര്‍ മരിക്കുന്നത്. കാടുപിടിച്ച വിശാലമായ വളപ്പിലെ പഴയ കെട്ടിടത്തില്‍ കുടുംബത്തിലെ അവസാനത്തെ കണ്ണിയായി അദ്ദേഹം ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. കട്ടിളപ്പടിയില്‍ തട്ടി വീണു പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴികളില്‍ പലതും കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ആശുപത്രിയില്‍ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവര്‍ സുമേഷ്, കള്ളമൊഴി നല്‍കാന്‍ രവീന്ദ്രന്‍ നായര്‍ പണം വാഗ്ദാനം ചെയ്ത് പ്രേരിപ്പിച്ചതാണെന്ന് പിന്നീട് പൊലീസിനോട് സമ്മതിച്ചു.

വീടിന് പിൻവശത്തുനിന്ന് ലഭിച്ച രക്തക്കറ പുരണ്ട തടിക്കഷണം കേസിൽ നിർണായക തെളിവായി മാറി. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവ പരിശോധനാ റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. കട്ടിലില്‍നിന്ന് തറയില്‍ വീണപ്പോൾ സംഭവിച്ച പരുക്കല്ല ഇതെന്ന് പരിശോധനയിൽ ഉറപ്പായി. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് കൃത്യമായി അറിയാനാണ് ഫൊറൻസിക് പരിശോധനകൾ നടത്തിയത്.

2017 ഏപ്രില്‍ രണ്ടാം തീയതി കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ കട്ടിലില്‍നിന്ന് വീണുകിടക്കുന്ന ജയമാധവന്‍ നായരെ കാണുകയും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു എന്നാണ് കാര്യസ്ഥൻ രവീന്ദ്രന്‍ നായര്‍ നൽകിയ മൊഴി. വീട്ടുജോലിക്കാരിയായ ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ലീലയ്ക്കൊപ്പം ഓട്ടോറിക്ഷയില്‍ കരമന സ്റ്റേഷനിലെത്തി മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ തിരികെ വീടുകളിലേക്ക് പോയെന്നുമാണ് രവീന്ദ്രന്‍ നായർ പറഞ്ഞത്. എന്നാല്‍, താൻ കരമന സ്റ്റേഷനിൽ പോയിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പൊയ്ക്കോളാൻ രവീന്ദ്രന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് ലീല മൊഴി നൽകിയത്. മൊഴികളിലെ ഈ വൈരുധ്യമാണ് അന്വേഷണസംഘം വിശദമായി പരിശോധിച്ചത്.

ജയമാധവന്‍ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോ ഡ്രൈവർ പിന്നീട് ഈ മൊഴി തിരുത്തി. താൻ ആശുപത്രിയിൽ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ വാഗ്ദാനം ചെയ്തതുകൊണ്ടാണ് കള്ളം പറഞ്ഞതെന്നും അയാൾ വെളിപ്പെടുത്തി. തറവാട്ടിന് തൊട്ടടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തൻ്റെ വണ്ടി രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ വളപ്പിലായിരുന്നു. ഈ വണ്ടി വിളിക്കാതെ, മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയതിൽ വലിയ ദുരൂഹതയുണ്ടെന്ന് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു.

ജയമാധവന്‍ നായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും രവീന്ദ്രന്‍ നായര്‍ സ്വന്തമാക്കിയെന്ന കേസും പൊലീസ് റജിസ്റ്റര്‍ ചെയ്തിരുന്നു. വില്‍പത്ര പ്രകാരം ‘ഉമാമന്ദിര’ത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് ഒന്നാം പ്രതിയും കാര്യസ്ഥനുമായ രവീന്ദ്രന്‍ നായര്‍ക്കാണ്. എന്നാൽ ഈ വില്‍പത്രം വ്യാജമായി തയാറാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസന്നകുമാരി പരാതി നല്‍കിയത്. 2016 ഫെബ്രുവരി 15-നാണ് ഈ വില്‍പത്രം തയാറാക്കിയതായി കാണിച്ചിരുന്നത്.