Featured Sports

‘വൈഭവ് കൊടുങ്കാറ്റാണ്, ബഞ്ചിലിരുത്തി വെള്ളം കൊടുപ്പിക്കുന്നു, ഇത് ഏകാധിപത്യമാണ്’; ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് പരിശീലകൻ!

മുംബൈ: ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരം നിഷേധിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി താരത്തിന്റെ ആദ്യകാല പരിശീലകൻ മനീഷ് ഓജ. രാജ്യാന്തര അരങ്ങേറ്റത്തിന് ശേഷം വൈഭവ് സൂര്യവംശിയെയും മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശർമയ്ക്കൊപ്പം മാറ്റിമാറ്റി പരീക്ഷിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്. അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഓപ്പണറായപ്പോൾ, ഏഷ്യൻ ഗെയിംസിൽ വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കി സഞ്ജുവിനെ മൂന്നാം നമ്പരിലേക്ക് മാറ്റി. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വീണ്ടും സഞ്ജു–അഭിഷേക് കൂട്ടുകെട്ടാണ് ഓപ്പണിംഗിൽ എത്തിയത്.

വിൻഡീസിനെതിരായ അവസാന മത്സരങ്ങളിൽ വൈഭവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തടുക്കാനാവാത്ത ഒരു കൊടുങ്കാറ്റുപോലെയാണ് വൈഭവെന്നും, ഇന്നല്ലെങ്കിൽ നാളെ അവൻ തന്റെ കഴിവും പ്രകടനവും കൊണ്ട് അത് തെളിയിക്കുമെന്നും മനീഷ് ഓജ വ്യക്തമാക്കി. കളിക്കാരെ ബഞ്ചിലിരുത്തി വളർത്താമെന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് കരുതുന്നത്. എന്നാൽ ഭാവിയിലേക്ക് ഒരു ടീമിനെ സജ്ജമാക്കാൻ താരങ്ങൾക്ക് നിരന്തരം കളിക്കളത്തിൽ അവസരം നൽകുകയാണ് വേണ്ടതെന്ന് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ പോലും പറയുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പകരക്കാരനായി വെള്ളം കൊടുക്കാൻ മാത്രം വൈഭവിനെപ്പോലൊരു മികച്ച പ്രതിഭയെ ബഞ്ചിലിരുത്തുന്നത് അവനെ അസ്വസ്ഥനാക്കാൻ വേണ്ടിയാണെന്നും പരിശീലകൻ ആരോപിച്ചു. ബഞ്ചിലിരുന്നുകൊണ്ട് ഇതുവരെ ഒരു വലിയ കളിക്കാരനും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. തോന്നുംപടി തീരുമാനങ്ങളെടുക്കുന്ന ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നിലപാട് ഒരു തരത്തിലുള്ള സ്വേച്ഛാധിപത്യമാണെന്നും മനീഷ് ഓജ കൂട്ടിച്ചേർത്തു.