ലക്നൗ: കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ് കണ്ടെടുത്തു. മരണത്തിനു തൊട്ടുപിന്നാലെ ‘സെക്രട്ടേറിയറ്റ്’ എന്ന് രേഖപ്പെടുത്തിയ ഒരു വെളുത്ത ഔഡി കാർ ഫ്ലാറ്റിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ശിവയുടെ മരണത്തിൽ കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേയ്ക്കെതിരെ കൊലപാതകം, ആക്രമണം, ബ്ലാക്ക്മെയിലിങ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
ശിവയുടെ കാമുകി ശ്രദ്ധയുമായി അടുത്ത ബന്ധമുള്ള ചിലരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ശ്രദ്ധയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ശിവ താഴേയ്ക്കു വീണതിനു തൊട്ടുപിന്നാലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്നു ചിലർ സംഭവസ്ഥലത്തുനിന്നു പോകുന്നത് ദൃശ്യങ്ങളിൽ കണ്ടിട്ടുണ്ട്. ശ്രദ്ധയുടെയും സഹോദരിയുടെയും ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ശിവ വീണ് ഏകദേശം 15 മിനിറ്റിനുശേഷം അപ്പാർട്ട്മെന്റ് കോംപ്ലക്സിലെത്തിയ വെളുത്ത ഔഡി കാറിലെ യാത്രക്കാരെ തിരിച്ചറിയാനും അന്വേഷണസംഘം ശ്രമിക്കുകയാണ്. വാഹനം കെട്ടിടത്തിനു സമീപം സംശയകരമായി കറങ്ങിയതിനുശേഷം തിരികെ പോവുകയായിരുന്നു.
ശിവയുടെ കാമുകി ശ്രദ്ധ ദുബേയെക്കൂടാതെ അവരുടെ സഹോദരി, ഡ്രൈവർ, മറ്റു രണ്ടുപേർ എന്നിവർക്കെതിരെയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നാലഞ്ച് മാസമായി ശിവ ശ്രദ്ധയോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് അമ്മ രഞ്ജന ശർമ പറഞ്ഞു. ഫ്ലാറ്റിൽനിന്നു താഴേക്കു തള്ളിയിടുന്നതിനു മുൻപ് ശിവയെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും അമ്മ ആരോപിച്ചു. മകന്റെ കണ്ണിനും താടിയെല്ലിനും മാരകമായി പരുക്കേറ്റിരുന്നു. കൂടാതെ ശരീരത്തിലെ മറ്റു പല ഭാഗങ്ങളിലും പരുക്കുകളുണ്ടായിരുന്നു. സിഗരറ്റ് കൊണ്ടു കരിച്ച പാടുകളും മുഖത്ത് ലിപ്സ്റ്റിക് അടയാളങ്ങളും ശരീരത്തിൽ മേക്കപ്പും കണ്ടെന്നും അവർ പരാതിയിൽ വ്യക്തമാക്കി. മരിക്കുമ്പോൾ മകൻ ഉൾവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എന്നിവരുമായുള്ള സ്വാധീനം ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കുമെന്ന് കാമുകി ശിവയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ആരോപിക്കുന്നു.
ഓഗസ്റ്റ് 30-ന് ലഖ്നൗ ഗോമതി നഗറിൽ നടന്ന വെടിവെയ്പ് കേസിൽ ശിവയെ പ്രതി ചേർത്തിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾക്ക് 50,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് സ്പെഷൽ ടാസ്ക് ഫോഴ്സ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. വീണ്ടും ജയിലിലടയ്ക്കുമെന്ന് പലപ്പോഴും ശ്രദ്ധ ദുബെ ശിവയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ആരോപിച്ചു.
ശ്രദ്ധ ദുബേയ്ക്ക് ഒരു മകനുമുണ്ട്. 2022-ൽ ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം ഇവർ ഒറ്റയ്ക്കാണ് താമസം. മുൻ ഭർത്താവും മകനും റായ്ബറേലിയിലാണ് താമസിക്കുന്നത്; അവരുമായി വളരെ കുറഞ്ഞ ബന്ധം മാത്രമേ ഇവർക്കുള്ളൂ. ബിരുദാനന്തര ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയുമുള്ള വ്യക്തിയാണ് ശ്രദ്ധ ദുബെ.




