Crime

ചങ്ങലയിൽ ബന്ധിച്ച നിലയിൽ നദിയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ, പ്രണയവിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ ; ദുരൂഹത

മുംബൈ ∙ മഹാരാഷ്ട്രയിൽ നദിയുടെ അടിത്തട്ടിൽ ഇരുമ്പ് ചങ്ങല കൊണ്ടു കാലുകൾ ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ധൂലെ ജില്ലയിലെ സാവൽഡെയിൽ താപി നദിയുടെ അടിത്തട്ടിൽ നിന്നാണ് ഈ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചത് ശ്യാം ഹരി പാട്ടീൽ, ഭാര്യ സ്വപ്‌ന പാട്ടീൽ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ താപി നദിയിൽ രണ്ട് മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ട പ്രാദേശികവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പൂട്ടിയിട്ട ഇരുമ്പ് ചങ്ങല ഉപയോഗിച്ച് യുവാവിന്റെയും യുവതിയുടെയും കാലുകൾ തമ്മിൽ ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചമുതൽ സംഭവസ്ഥലത്തിന് സമീപം ഒരു മോട്ടോർ സൈക്കിൾ പാർക്ക് ചെയ്തതായി കണ്ടെന്ന് നാട്ടുകാർ പറഞ്ഞതായി നർദാന പൊലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ കപഡ്നിസ് വ്യക്തമാക്കി. ദമ്പതികൾ കുറഞ്ഞത് 24 മണിക്കൂർ മുൻപെങ്കിലും വെള്ളത്തിൽ വീണിട്ടുണ്ടാകാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് ദമ്പതികളെ തിരിച്ചറിഞ്ഞ പൊലീസ് ശ്യാമിന്റെ അളിയനെ ബന്ധപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ശ്യാം തന്നെ ഫോണിൽ വിളിച്ച് “എല്ലാം അവസാനിച്ചു” എന്ന് പറഞ്ഞതായി അളിയൻ വ്യക്തമാക്കിയതായി കപഡ്നിസ് പറഞ്ഞു. ഈ ഫോൺ സംഭാഷണത്തിന് ശേഷം ശ്യാം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് പലതവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ വിളിച്ചതിന് തൊട്ടുപിന്നാലെ ദമ്പതികൾ നദിയിൽ ചാടിയിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജൽഗാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്യാം നാല് മാസം മുൻപാണ് സപ്നയെ വിവാഹം കഴിച്ചത്. ശ്യാമിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ദമ്പതികളെ ഈ അറ്റകൈ പ്രയോഗത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ജൽഗാവ് ജില്ലയിലെ അമൽനർ താലൂക്ക് സ്വദേശികളാണ് ഇരുവരും. പ്രണയത്തിലായിരുന്ന ഇവർ മാസങ്ങൾക്കു മുൻപാണ് വിവാഹിതരായത്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.