കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പത്തിരണ്ട് മുൻനിര ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരങ്ങൾ ബി.സി.സി.ഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (CoE) ചികിത്സ തേടിയതായി റിപ്പോർട്ട്. ബി.സി.സി.ഐയുമായി കരാറുള്ള കളിക്കാർക്ക് തുടർച്ചയായി പരിക്കേൽക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഐ.പി.എൽ സീസണിനു ശേഷം സെന്ററിലെത്തുന്ന കളിക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
താരങ്ങളുടെ പരിക്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തിൽ കോ.ഇയുടെ ബജറ്റ് 92 കോടി രൂപയിൽ നിന്ന് 35 കോടി രൂപ വർധിപ്പിച്ച് 127 കോടി രൂപയാക്കി ബി.സി.സി.ഐ ഉയർത്തിയിട്ടുണ്ട്. പ്രധാന കളിക്കാർക്ക് അടിക്കടിയുണ്ടാകുന്ന പരിക്കുകളെക്കുറിച്ച് മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ടെസ്റ്റ്-ഏകദിന നായകൻ ശുഭ്മൻ ഗില്ലും ആശങ്കയറിയിച്ചതിനെ തുടർന്ന് പരിക്ക് പരിപാലന പരിപാടിയിൽ ബി.സി.സി.ഐ ശ്രദ്ധ വർധിപ്പിച്ചിട്ടുണ്ട്.
തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ പ്രമുഖ താരങ്ങളും കഴിഞ്ഞ വർഷത്തിനിടെ ചികിത്സയ്ക്കായി കോ.ഇ സന്ദർശിച്ചിരുന്നു. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് ഈ വർഷം ആദ്യമാണ് രോഹിത് ഇവിടെയെത്തിയത്, കോഹ്ലി ആദ്യമായാണ് ഇത്തരത്തിൽ ചികിത്സയ്ക്കായി എത്തുന്നത്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവർ ഇവിടെ സ്ഥിരമായി എത്തുന്നവരാണെങ്കിലും ഇവർ എത്ര തവണ എത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.
കഴിഞ്ഞ 20 മാസത്തിനിടെ സ്ത്രീകളും പുരുഷന്മാരുമടക്കം 68 കളിക്കാരാണ് കോ.ഇയിൽ ചികിത്സ തേടിയത്. ഇതിൽ ഭൂരിഭാഗവും സോഫ്റ്റ് ടിഷ്യൂ (Soft-tissue) പരിക്കുകളായിരുന്നു. മാഞ്ചസ്റ്റർ ടെസ്റ്റിനിടെ കാലിന് ഒടിവുപറ്റിയ ഋഷഭ് പന്ത് മാത്രമാണ് പ്രഹരം മൂലമുണ്ടായ (Impact-related) പരിക്കിന് ചികിത്സ തേടിയ ഏക താരം. 2020-21ലെ കോവിഡ് ബബിൾ കാലഘട്ടത്തിലാണ് ഇതിനുമുമ്പ് ഇത്രയധികം സോഫ്റ്റ് ടിഷ്യൂ പരിക്കുകൾ കളിക്കാർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2025 ജൂൺ മുതൽ ഒഴിവുകിടക്കുന്ന കോ.ഇയിലെ സ്പോർട്സ് സയൻസ് ആന്റ് മെഡിസിൻ (SSM) മേധാവി തസ്തികയിലേക്ക് ബി.സി.സി.ഐ അടുത്തിടെ അപേക്ഷ ക്ഷണിച്ചിട്ടുമുണ്ട്.




