വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവിന് കാപ്പിയിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം സ്വകാര്യഭാഗത്ത് കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പരുക്കറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒക്ടോബർ എട്ടിന് രാത്രി 12 മണിയോടെയാണ് ഷബ്നം ഭർത്താവ് നദീമിന് കാപ്പിയിൽ മയക്കുമരുന്ന് നൽകി ആക്രമണം നടത്തിയത്. ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെയ്ദ് ഗാർഡനിൽ താമസിക്കുന്ന ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷമായിരുന്നു. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അതിനിടയിലാണ് നദീമിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, അദ്ദേഹം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുണ്ടെന്നും ഷബ്നം സംശയിച്ചുതുടങ്ങിയത്.
ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തുടർന്ന് ഷബ്നം കരുതിക്കൂട്ടി കാപ്പിയിൽ ഉറക്കഗുളിക കലർത്തി നദീമിന് നൽകുകയായിരുന്നു. കാപ്പി കുടിച്ചതോടെ നദീം പൂർണ്ണമായും അബോധാവസ്ഥയിലായി.
തുടർന്ന് കത്തി ഉപയോഗിച്ച് അബോധാവസ്ഥയിലായ ഭർത്താവിന്റെ സ്വകാര്യഭാഗങ്ങളിൽ യുവതി ഗുരുതരമായി പരുക്കേൽപ്പിച്ചു. നദീമിന്റെ നിലവിളി കേട്ട് അമ്മയും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും ഷബ്നം അവിടെനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. ഉടൻ തന്നെ നദീമിനെ മീററ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്കേറ്റ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലിസാദി ഗേറ്റ് പോലീസ് കേസെടുക്കുകയും ഒളിവിൽപ്പോയ ഷബ്നത്തെ ഉടൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




