The Origin Story

194 വർഷം ജീവിച്ചിരുന്നിട്ടും നിത്യയൗവനം! ഭീമൻ ആമയുടെ ജീനുകളിൽ ഒളിഞ്ഞിരിക്കുന്ന ജനിതക രഹസ്യങ്ങൾ കണ്ടെത്തി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന കരജീവിയെന്ന് കരുതപ്പെടുന്ന 194 വയസ്സുള്ള ജോനാഥൻ എന്ന ഭീമൻ ആമയെ ശാസ്ത്രജ്ഞർ പഠനവിധേയമാക്കി. ചില ജീവികൾക്ക് പ്രായമാകുന്ന സ്വാഭാവിക പ്രക്രിയയെ എങ്ങനെ ചെറുക്കാൻ കഴിയുന്നു എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ജനിതക സൂചനകളാണ് പഠനത്തിൽ കണ്ടെത്തിയത്. പുതിയ പഠനത്തിന്റെ ഫലങ്ങൾ ‘Science Advances’ എന്ന ശാസ്ത്ര ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

1832-ൽ സീഷെൽസിലാണ് ജോനാഥൻ ജനിച്ചത്. പിന്നീട് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലീന ദ്വീപിലുള്ള ഗവർണറുടെ ഔദ്യോഗിക വസതിയായ പ്ലാന്റേഷൻ ഹൗസിന്റെ പൂന്തോട്ടത്തിലാണ് അത് താമസിച്ചുവരുന്നത്. 1882-ലാണ് ജോനാഥനെ ഇവിടെ എത്തിച്ചത്.

അടുത്തിടെ അന്താരാഷ്ട്ര ഗവേഷക സംഘം ജോനാഥന്റെ ദീർഘായുസ്സിന്റെ രഹസ്യം മനസ്സിലാക്കുന്നതിനായി അതിന്റെ ഡിഎൻഎ പരിശോധിച്ചു. പ്രായമാകുന്നതുമായി ബന്ധപ്പെട്ട നിരവധി ജൈവ പ്രവർത്തനങ്ങളിൽ ജോനാഥന് പ്രത്യേക ജനിതക സവിശേഷതകളുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. കേടായ ഡിഎൻഎ നന്നാക്കാനും ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കാനും കോശങ്ങളുടെ തകരാർ തടയാനും സഹായിക്കുന്ന ജീനുകളാണ് ഇവ.

‘Scientific American’ റിപ്പോർട്ട് പ്രകാരം, ജോനാഥന്റെ വെറ്ററിനറി ഡോക്ടറായ ജോ ഹോളിൻസ് ഭക്ഷണം നൽകുന്നതായി നടിച്ചുകൊണ്ടാണ് അതിന്റെ കവിളിന്റെ ഉള്ളിൽ നിന്ന് കോശങ്ങൾ ശേഖരിച്ചത്. ജോനാഥന്റെ ആരോഗ്യവും സെന്റ് ഹെലീനയിലെ അതിന്റെ പ്രത്യേക പ്രാധാന്യവും കണക്കിലെടുത്ത് രക്തം എടുത്ത് ഡിഎൻഎ പരിശോധിക്കാൻ അനുമതി നൽകിയിരുന്നില്ല.

“ഇത് വളരെ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയുള്ളതുമായ കാര്യമായിരുന്നു,” പഠനത്തിന്റെ സഹരചയിതാവും നാഷ്‌വില്ലിലെ ദീർഘായുസ്സിനെക്കുറിച്ചുള്ള ഗവേഷണ സ്ഥാപനമായ കാലെൽ ഫൗണ്ടേഷനിലെ ഗവേഷകനുമായ സ്റ്റീഫൻ ക്ലാർക്ക് പറഞ്ഞു.

എന്നാൽ ജോനാഥന്റെ ഡിഎൻഎയിൽ ഘടിപ്പിച്ചിരിക്കുന്ന രാസ അടയാളങ്ങളിലാണ് ഗവേഷകർ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയത്. ഇവയെ ‘മീഥൈൽ ഗ്രൂപ്പുകൾ’ എന്നാണ് വിളിക്കുന്നത്. പ്രായം കൂടിയ മറ്റ് ആമകളിൽ കാണുന്ന സാധാരണ പ്രായമാകൽ രീതികളുമായി ജോനാഥനും സാമ്യം പുലർത്തുന്നുണ്ടെങ്കിലും, അതിന്റെ മൈറ്റോകോൺഡ്രിയയെ നിയന്ത്രിക്കുന്ന ഈ രാസ അടയാളങ്ങൾ വളരെ ചെറുപ്പമായ ജീവികളുടേതുമായി ഏറെ സാമ്യമുള്ളതാണെന്ന് കണ്ടെത്തി.

ജീവികളുടെ കോശങ്ങൾക്കുള്ളിലെ ചെറിയ ഊർജകേന്ദ്രങ്ങളാണ് മൈറ്റോകോൺഡ്രിയ. പ്രായം കൂടുന്നതിനനുസരിച്ച് മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം തകരുന്നത് കോശങ്ങളുടെ ക്ഷയത്തിനും വിവിധ രോഗങ്ങൾക്കും കാരണമാകാം.

“വളരെ നീണ്ട കാലയളവിൽ ഒരു ജീവിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ ജോനാഥൻ നമുക്ക് ഒരു യഥാർത്ഥ അവസരം നൽകുന്നു. അതിന്റെ മൈറ്റോകോൺഡ്രിയകൾ പ്രത്യേകിച്ച് സ്ഥിരതയുള്ളതായിരിക്കണം. ഇത് പൊതുവെ ജീവികളുടെ ദീർഘായുസ്സിനെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കും,” സ്റ്റീഫൻ ക്ലാർക്ക് പറഞ്ഞു.

എന്നാൽ മൈറ്റോകോൺഡ്രിയയെ ചെറുപ്പമായ അവസ്ഥയിൽ നിലനിർത്തുന്നത് യഥാർത്ഥത്തിൽ പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നുണ്ടോ എന്ന് തെളിയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

“അദ്ദേഹം ഇത്രയും കാലം ജീവിച്ചതിന്റെ കാരണം ഇതാണ് എന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാൻ ഇപ്പോൾ നമുക്ക് കഴിയില്ല. ഈ പഠനം അതിലേക്കുള്ള ആദ്യപടി മാത്രമാണ്,” ക്ലാർക്ക് പറഞ്ഞു.