Celebrity

ലാത്തിക്കടിച്ച് തുട ചതച്ചു; ശരീരമാകെ മര്‍ദനത്തിന്റെ പാടുകള്‍; വിഡിയോ പുറത്തുവിട്ട് ആമിര്‍ഖാന്‍റെ അനന്തരവള്‍

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരത്തിൽ പങ്കെടുത്തതിന് കസ്റ്റഡിയിൽ കടുത്ത പൊലീസ് മർദനമേറ്റെന്ന് ആമിർഖാന്റെ അനന്തരവൾ സയ്ൻ മേരി ഖാൻ വെളിപ്പെടുത്തി. ശരീരമാസകലം മുംബൈ പൊലീസ് തല്ലിച്ചതച്ചതിന്റെ വീഡിയോ സയ്ൻ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കൈകളിലും വിരലുകളിലും കാലുകളിലും അടിയേറ്റ് ശരീരം ചതഞ്ഞ് കരിനീലിച്ച പാടുകൾ വീഡിയോയിൽ കാണാം. ‘ഞങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ട, പേടിക്ക് ഇവിടെ സ്ഥാനമില്ല’ എന്ന് ക്യാമറയിൽ നോക്കി പറയുന്ന സയ്ൻ, രാജ്യത്തെ യാഥാർഥ്യം ഇന്റർനെറ്റിലൂടെ തുറന്നുകാണിക്കുകയാണെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഡെമോക്രസി ഫിറ്റ് ചെക്ക്’ എന്നും ഇതിൽ കുറിച്ചിട്ടുണ്ട്.

ബോളിവുഡ് താരം ഇമ്രാൻ ഖാൻ, കൂട്ടുകാരി ലേഖ വാഷിങ്‌ടൺ എന്നിവർക്കൊപ്പം പൊലീസ് വാനിൽ ഇരിക്കുന്ന ചിത്രങ്ങളും സയ്ൻ നേരത്തെ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് ക്രാന്തി മൈതാനിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനായിരുന്നു മുംബൈ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതും മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചതും. അതേസമയം, എവിടേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് പൊലീസുകാർ അറിയിച്ചിരുന്നില്ലെന്നും, വാനിലിരുന്ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചപ്പോൾ റോഡിലുണ്ടായിരുന്നവരും അത് ഏറ്റുവിളിച്ചെന്നും സയ്ൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒടുവിൽ യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് മൂവരെയും എത്തിച്ചത്. എന്തിനാണ് ഇവിടെ എത്തിച്ചതെന്ന് ചോദിച്ചപ്പോൾ പൊലീസുകാർക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് സയ്ൻ പറയുന്നു. കസ്റ്റഡിയിലെടുത്തതിന്റെ കാരണം ചോദിച്ചപ്പോൾ ‘രണ്ട് മിനിറ്റ്, ഇപ്പോൾ പറയാം’ എന്ന് പറഞ്ഞ് ഫോണെടുത്ത ഉദ്യോഗസ്ഥൻ മണിക്കൂറുകൾ കഴിഞ്ഞാണ് ഫോൺ താഴെ വച്ചതെന്നും സയ്ൻ കൂട്ടിച്ചേർത്തു. മണിക്കൂറുകളോളം വാനിൽ നഗരത്തിലൂടെ കറക്കിയ ശേഷം ഒടുവിൽ പൊലീസുകാരോട് ജയ് ഹിന്ദ് പറഞ്ഞാണ് തങ്ങൾ സ്റ്റേഷൻ വിട്ടത്.

കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ വീടുകളിലേക്ക് മടങ്ങാൻ തങ്ങൾ നന്നേ ബുദ്ധിമുട്ടിയെന്ന് ലേഖയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. പ്രതിഷേധത്തിനെത്തിയവരെ വാഹനത്തിൽ കയറ്റിയ ഓട്ടോ ഡ്രൈവർമാരെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ലേഖ ആരോപിച്ചു.