Featured The Origin Story

ലോകത്തിലെ ഏറ്റവും ആയുസ്സുള്ള മനുഷ്യർ ജീവിക്കുന്ന അഞ്ച് ഇടങ്ങൾ ! ബ്ലൂ സോണുകളിലെ ആയുസ്സിന്റെ രഹസ്യം?

ലോകത്ത് ചില പ്രത്യേക പ്രദേശങ്ങളിൽ 90 വയസ്സും നൂറു വയസ്സും കടന്ന് ജീവിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. “ബ്ലൂ സോണുകൾ” (Blue Zones) എന്നറിയപ്പെടുന്ന ഈ പ്രദേശങ്ങൾ അസാധാരണമായ ദീർഘായുസ്സിനും കുറഞ്ഞ രോഗനിരക്കിനും പേരുകേട്ടതാണ്. ലളിതമായ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് ഇവരുടെ ദീർഘായുസ്സിന് പ്രധാന കാരണം.

രോഗപ്രതിരോധ ഗവേഷകനായ ഡാൻ ബ്യൂട്ട്നറാണ് ‘ബ്ലൂ സോൺ’ എന്ന പദം പ്രശസ്തമാക്കിയത്. ഗവേഷകർ ഭൂപടത്തിൽ ഇത്തരം പ്രദേശങ്ങൾ അടയാളപ്പെടുത്താൻ നീല മഷി കൊണ്ട് വട്ടമിട്ടതിൽ നിന്നാണ് ഈ പേര് വന്നത്. ഗ്രീസിലെ ഇകാരിയ, ഇറ്റലിയിലെ സർദീനിയ, ജപ്പാനിലെ ഒക്കിനാവ, കോസ്റ്റാറിക്കയിലെ നിക്കോയ, കാലിഫോർണിയയിലെ ലോമ ലിൻഡ എന്നിവയാണ് പരമ്പരാഗതമായി തിരിച്ചറിഞ്ഞിട്ടുള്ള പ്രധാന 5 ബ്ലൂ സോണുകൾ.

ഇവിടുത്തെ ആളുകളുടെ ഭക്ഷണരീതിയിലെ പ്രധാന പ്രത്യേകത സസ്യ വിഭവങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ്. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, ചെറുപയർ, കടല, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവ ഇവർ ധാരാളമായി കഴിക്കുന്നു. മാംസാഹാരം വളരെ അപൂർവ്വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്നാൽ ഇകാരിയ, സർദീനിയ എന്നിവിടങ്ങളിൽ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഉത്തമമായ ഒമേഗ-3 അടങ്ങിയ മത്സ്യം കഴിക്കാറുണ്ട്.

ഒക്കിനാവയിൽ പ്രചാരത്തിലുള്ള മറ്റൊരു പ്രധാന ശീലമാണ് വയറിന്റെ 80% മാത്രം നിറയുന്നതുവരെ ആഹാരം കഴിക്കുക എന്നത് (‘ഹര ഹാച്ചി ബു’). ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതും തടി വെയ്ക്കുന്നതും തടയുന്നു. കൂടാതെ, ദിവസത്തിലെ പ്രധാന ഭക്ഷണം നേരത്തെ കഴിക്കുകയും രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്ന ശീലവും ഇവർക്കുണ്ട്.

ജിമ്മുകളെയോ കഠിനമായ വ്യായാമങ്ങളെയോ ആശ്രയിക്കുന്നതിന് പകരം, ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തന്നെ ഇവർ ശരീരം അനക്കുന്നു. നടക്കുക, തോട്ടപ്പണി ചെയ്യുക, കൃഷി ചെയ്യുക, വീട്ടുജോലികൾ ചെയ്യുക തുടങ്ങിയവയിലൂടെ ഇവർ ദിവസം മുഴുവൻ സജീവമായിരിക്കുന്നു. സർദീനിയയിലെ മലയോര മേഖലകളിൽ ജീവിക്കുന്നവർ ദിനവും നടക്കുകയും കുന്നുകൾ കയറുകയും ചെയ്യുന്നു.

കൃത്യമായ ഉറക്കവും വിശ്രമവും ഇവരുടെ ദീർഘായുസ്സിന് കാരണമാണ്. ദിവസവും 7 മണിക്കൂറോളം ഉറങ്ങുന്നതും ഉച്ചയ്ക്ക് അല്പസമയം വിശ്രമിക്കുന്നതും ഇവരുടെ ശീലമാണ്. ഭക്ഷണത്തിനും വ്യായാമത്തിനും പുറമെ കുടുംബാംഗങ്ങളുമായും സമൂഹവുമായുമുള്ള നല്ല ബന്ധം, ജീവിതത്തിന് കൃത്യമായ ലക്ഷ്യബോധം എന്നിവയും ഇവരെ മാനസികമായി ആരോഗ്യവാന്മാരാക്കുന്നു.

മനുഷ്യന്റെ ആയുസ്സിനെ ജനിതക ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് 20 മുതൽ 30 ശതമാനം വരെ മാത്രമേ ബാധിക്കുന്നുള്ളൂ. ബാക്കി ഭൂരിഭാഗവും നമ്മുടെ ജീവിതശൈലിയെയും ഭക്ഷണരീതിയെയും ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഈ പഠനങ്ങൾ വ്യക്തമാക്കുന്നത്.