Featured Oddly News

നാല് കണ്ണുകൾ, വിസ്മയമായി ഇരുതലയൻ പാമ്പ്! ‘അത്യപൂ‍‍ർവ്വ’ പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ നിന്നും അപൂർവ്വ ഇനത്തിൽപ്പെട്ട രണ്ട് തലയുള്ള പാമ്പിനെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി. ധൻപൂർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ ഇത് വിഷമില്ലാത്ത ഇനത്തിൽപ്പെട്ട ‘വൂൾഫ് സ്നേക്ക്’ (Wolf Snake) അഥവാ വെള്ളിവരയൻ പാമ്പാണ്. മനുഷ്യർക്ക് യാതൊരുവിധ ഉപദ്രവവും ഉണ്ടാക്കാത്ത വിഷമില്ലാത്ത പാമ്പുകളാണിവ.

അഗസ്വാണി ഗ്രാമത്തിൽ പാമ്പിനെ കണ്ട പ്രാദേശികവാസികൾ ‘ദാഹോദ് പ്രകൃതി മിത്ര മണ്ഡൽ’ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടുത്തിയ പാമ്പിനെ പരിചരണത്തിനായി ദാഹോദിലേക്ക് മാറ്റി. ഏകദേശം ആറിഞ്ച് നീളമുള്ള ഈ പാമ്പിന് ഒറ്റ ശരീരത്തിൽ രണ്ട് വ്യത്യസ്ത തലകളാണുള്ളത്. ഓരോ തലയിലും പ്രത്യേക കണ്ണുകളുമുണ്ട്. ‘ബൈസെഫാലി’ (Bicephaly) എന്നറിയപ്പെടുന്ന അപൂർവ്വ ശാരീരിക അവസ്ഥയാണിത്.


ഭ്രൂണാവസ്ഥയിലെ വളർച്ചയിലുണ്ടാകുന്ന വൈകല്യങ്ങൾ കാരണമാണ് ഇത്തരം വൈകല്യങ്ങളോടെ ജീവികൾ ജനിക്കുന്നത്. ഗുജറാത്തിൽ രണ്ട് തലയുള്ള പാമ്പിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് മൂർഖൻ പാമ്പുകളും മൂന്ന് വെള്ളിവരയൻ പാമ്പുകളുമടക്കം ഇന്ത്യയിൽ ഇതുവരെ വളരെ കുറച്ച് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

രക്ഷപ്പെടുത്തിയ പാമ്പിന് ഒരു വയസ്സോളം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. വന്യജീവി സംരക്ഷകർ ഇതിന്റെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇരപിടിക്കുന്നതിലും ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടുന്നതിലും ഇരുതലയുള്ള ജീവികൾക്ക് പ്രകൃതിയിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്. രണ്ട് തലകളും സ്വതന്ത്രമായി പ്രതികരിക്കുന്നത് കൊണ്ട് തന്നെ ഇവയുടെ നീക്കങ്ങൾ പരസ്പരം തടസ്സപ്പെടാൻ സാധ്യത കൂടുതലാണ്. ഇത് കാട്ടിൽ ഇവയുടെ ജീവൻ നിലനിർത്തുന്നത് പ്രയാസകരമാക്കുന്നു.