ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് ‘ചീത്ത കൊളസ്ട്രോൾ’. എന്നാൽ ‘എൽ.ഡി.എൽ’ (LDL) എന്നറിയപ്പെടുന്ന ഈ കൊളസ്ട്രോൾ പൂർണ്ണമായും ദോഷകരമല്ല. കോശങ്ങളുടെ സംരക്ഷണം, ഹോർമോൺ ഉത്പാദനം തുടങ്ങിയ ശരീരത്തിന്റെ അവശ്യ പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ അനിവാര്യമാണ്.
ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൊളസ്ട്രോൾ എത്തിക്കുന്നത് എൽ.ഡി.എൽ കണികകളാണ്. അതിനാൽ തന്നെ എൽ.ഡി.എൽ സ്വതവേ മോശമോ ഉപയോഗശൂന്യമോ അല്ലെന്ന് ബെംഗളൂരു കാർഡിയാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സി.എം. നഗേഷ് വ്യക്തമാക്കുന്നു.
എന്നാൽ വർഷങ്ങളോളം രക്തത്തിൽ എൽ.ഡി.എൽ അളവ് ഉയർന്ന നിലയിൽ തുടരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രക്തധമനികളുടെ ഭിത്തികളിൽ അധികമുള്ള എൽ.ഡി.എൽ അടിയുകയും, ഇത് ക്രമേണ രക്തയോട്ടം തടസ്സപ്പെടുത്തുന്ന ഫ്ലാക്കുകളായി (Plaque) മാറുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമായേക്കാം.
കൊളസ്ട്രോളിന്റെ അളവ് മാത്രം നോക്കി ഒരാളുടെ ഹൃദയാരോഗ്യം പ്രവചിക്കാനാകില്ല. പ്രായം, രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, പാരമ്പര്യം, വൃക്കരോഗങ്ങൾ എന്നിവയെല്ലാം ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മുൻപ് ഹൃദയാഘാതം വന്നിട്ടുള്ള ഒരാൾക്ക് കൊളസ്ട്രോൾ വളരെ താഴ്ന്ന നിലയിൽ നിലനിർത്തേണ്ടി വരുമ്പോൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തയാൾക്ക് അതേ അളവ് സുരക്ഷിതമായിരിക്കാം. അതിനാൽ ഒരൊറ്റ ലാബ് പരിശോധനാഫലം കൊണ്ട് മാത്രം ചികിത്സ തീരുമാനിക്കാനാകില്ല.
ഉയർന്ന കൊളസ്ട്രോൾ സാധാരണയായി പുറമേക്ക് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പൂർണ്ണ ആരോഗ്യവാനാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നുണ്ടാകാം. അതുകൊണ്ട് കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുന്നത് ഭാവിയിലെ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
കൊളസ്ട്രോളിന്റെ അളവ് ഒരുപാട് കുറയുന്നത് അപകടകരമാണെന്ന ധാരണയും തെറ്റാണ്. ഹൃദ്രോഗ സാധ്യത കൂടുതലുള്ളവരിൽ കൊളസ്ട്രോൾ അളവ് കാര്യമായി കുറയ്ക്കുന്നത് സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സമീകൃതമായ ആഹാരം, കൃത്യമായ വ്യായാമം, ശരീരഭാരം നിലനിർത്തൽ, പുകവലി ഉപേക്ഷിക്കൽ എന്നിവ വഴി കൊളസ്ട്രോൾ നിയന്ത്രിക്കാം. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം മരുന്നുകളും ആവശ്യമായി വന്നേക്കാം.
ചുരുക്കത്തിൽ, എൽ.ഡി.എൽ കൊളസ്ട്രോൾ പൂർണ്ണമായും ഭയപ്പെടേണ്ട ഒന്നല്ല. എങ്കിലും വർഷങ്ങളോളം ഇത് ഉയർന്ന അളവിൽ തുടരുന്നത് രക്തധമനികളെ ബാധിക്കും. വ്യക്തിഗതമായ ആരോഗ്യസാഹചര്യങ്ങൾ മുൻനിർത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊളസ്ട്രോൾ നിയന്ത്രിക്കുകയാണ് വേണ്ടത്.




