മലയാള സിനിമാ ചരിത്രത്തിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു). ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവു പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം തിയറ്ററുകളിൽ നിന്ന് 330 കോടിയിലധികം രൂപയാണ് വാരിയത്. തിയറ്ററുകളിലെ വൻ വിജയത്തിന് ശേഷം ഈ മാസം രണ്ടാം തീയതിയാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തത്.
എന്നാൽ, ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകൾ കീറിമുറിച്ച് പരിശോധിക്കുകയാണ്. തിയറ്ററിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പല രംഗങ്ങളിലും അത്രമാത്രം തമാശയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ തിയറ്ററിൽ ഒന്നിലധികം തവണ കണ്ട പലർക്കും ചിത്രം ഒടിടിയിലും ഒരുപോലെ ആസ്വദിക്കാൻ കഴിഞ്ഞുവെന്ന് പറഞ്ഞ് മറ്റൊരു കൂട്ടരും രംഗത്തെത്തുന്നുണ്ട്. ആഷ്ലി, ജസ്റ്റിൻ എന്നീ കഥാപാത്രങ്ങളുടെ ബന്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ബോക്സുകളിൽ വലിയ തർക്കങ്ങളാണ് നടക്കുന്നത്.
തിയറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രങ്ങൾ ഒടിടിയിലെത്തുമ്പോൾ ഇത്തരത്തിൽ വിമർശിക്കപ്പെടുന്നത് സ്വാഭാവികമാണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു എന്നതുകൊണ്ടുമാത്രം ഒരു ചിത്രത്തെ അടിസ്ഥാനമില്ലാത്ത വിമർശനങ്ങൾ ഉന്നയിച്ച് മോശമായി ചിത്രീകരിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് വാദിക്കുന്നവരും സോഷ്യൽ മീഡിയയിലുണ്ട്.




